പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും; സംസ്കാരം സഹോദരൻ എത്തിയ ശേഷം

news image
Apr 23, 2025, 10:45 am GMT+0000 payyolionline.in

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം ശ്രീനഗറിൽ നിന്ന് ഡൽഹിയിലെത്തിച്ചു. ഡൽഹിയിൽ നിന്ന് എയർ ഇന്ത്യയുടെ തന്നെ വിമാനത്തിൽ രാത്രി 7.30–ഓടെ മൃതദേഹം കൊച്ചിയിലെത്തിക്കും. കുടുംബവും മൃതദേഹത്തെ അനുഗമിക്കുമെന്നാണ് വിവരം. വിദേശത്തുള്ള സഹോദരൻ നാട്ടിലെത്തിയതിനു ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ.

മുൻ പ്രവാസിയായ രാമചന്ദ്രൻ ഇന്നലെയാണ് കുടുംബത്തോടൊപ്പം ഹൈദരാബാദ് വഴി കശ്മീരിലേക്ക് പോയത്. രാമചന്ദ്രന്‍റെ ഭാര്യ ഷീലയും മകളും മകളുടെ രണ്ട് കുട്ടികളും സുരക്ഷിതരാണെന്ന് ബന്ധുക്കൾ അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഇവർ പഹൽഗാമിലെത്തുന്നത്. മകളുടെ മുന്നിൽ വെച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. മകളാണ്​ നാട്ടിലെ ബന്ധുക്കളെ വിളിച്ച് സംഭവത്തിൽ ഉൾപ്പെട്ടത്​ അറിയിച്ചത്​. ആശുപത്രിയില്‍ എത്തി അച്ഛന്‍റെ മൃതദേഹം തിരിച്ചറിഞ്ഞെന്ന വിവരം അറിയിക്കുകയായിരുന്നു.

ദുബൈയിൽ ജോലി ചെയ്യുന്ന മകൾ കുട്ടികളുമായി കഴിഞ്ഞ ദിവസമാണ്​ നാട്ടിലെത്തിയത്​. ഇതിനുശേഷം ഇവർ ഒരുമിച്ച് ​ യാത്ര പുറപ്പെട്ടത്. പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്ന വ്യക്തിയാണ് രാമചന്ദ്രൻ. ദീർഘകാലം ഗൾഫിൽ ജോലി ചെയ്തിരുന്നു. തിരികെ നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു.

അതേസമയം, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയെന്നാണ് വിവരം. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹൽഗാമിലാണ് വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ബൈസാരൻ പുൽമേടിലാണ് ഭീകരർ വെടിവെപ്പ് നടന്നത്. സൈനിക വേഷത്തിലെത്തിയ ആ‍യുധധാരികളായ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe