കോയമ്പത്തൂര്‍: സഹപാഠിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി കാണാതായ ഷൊർണൂർ സ്വദേശികളായ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കോയമ്പത്തൂരിൽ കണ്ടെത്തി. ഷൊർണൂർ കൂനത്തറ സ്വദേശിനികളായ മൂന്നുപേരെയാണ് കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് കുട്ടികളെ കാണാതായത്. ഷൊർണൂർ, ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ഇവരുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കോയമ്പത്തൂരിലെ ഉക്കടമാണെന്ന് കണ്ടെത്തി. തുടർന്ന് ചെറുതുരുത്തി പൊലീസാണ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ഇവരെ കണ്ടെത്തിയത്. പൊലീസ് നാട്ടിലേക്കെത്തിച്ചു.
ഷൊർണൂർ സെന്റ് തെരേസ കോൺവെന്റിൽ ഈ വർഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ കുട്ടികൾ ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാർഥിനിയെ കാണാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. എന്നാൽ, ഏറെ വൈകിയിട്ടും തിരിച്ചെത്തായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.