പറമ്പിലെ പ്ലാവുകളിൽ ചക്ക നിറയുന്ന സമയമാണിപ്പോൾ. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് പോലെ ആന്റി ഓക്സിഡന്റുകളായ ചക്കയുടെ ഗുണം പലപ്പോഴും മലയാളികൾക്ക് അറിയില്ല. അതേസമയം, നഗരപ്രദേശങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ ചക്ക വലിയ വിലയ്ക്ക് വാങ്ങുന്നവരുമുണ്ട്. ഈ വേനൽക്കാലത്ത് ചക്ക കൊണ്ട് അടിപൊളി ഐസ്ക്രീം ഉണ്ടാക്കാം, അതും വീട്ടിൽ വെച്ച്. സാധാരണ ചക്ക വിഭവം മാറ്റിപ്പിടിക്കാമെന്നതും മധുരമൂറുന്ന ചക്ക ഉപയോഗപ്പെടുത്താമെന്നതും ഇതിന്റെ പ്രയോജനമാണ്.
ചേരുവകൾ
മധുരമുള്ള ചക്കപ്പഴം- 250 ഗ്രാം
പഞ്ചസാര- 100 ഗ്രാം
പൊടിച്ച പഞ്ചസാര- 50 ഗ്രാം
വിപ്പിങ് ക്രീം- 250 മില്ലി
കട്ടിയുള്ള തേങ്ങാപ്പാല്‍- 250 മില്ലി
തയ്യാറാക്കുന്ന വിധം
ആദ്യം ചക്ക കുരുനീക്കണം. ശേഷം ചെറുതായി അരിയുക. തുടർന്ന് പഞ്ചസാര ചേര്‍ത്ത് ചെറുതീയില്‍ വേവിക്കണം. തണുത്ത ശേഷം മിക്സിയിലടിക്കണം. ശേഷം മൂടി വയ്ക്കാം. വിപ്പിങ് ക്രീമും തേങ്ങാപ്പാലും പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് അടിച്ച് എടുക്കുന്നതാണ് അടുത്ത ഘട്ടം. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ചക്ക മിശ്രിതം ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ഇത് പാത്രത്തിലാക്കി ഫ്രീസറില്‍ വയ്ക്കാം. കട്ടിയായാല്‍ വീണ്ടും പുറത്തെടുത്ത് മിക്സിയിലടിച്ച് വീണ്ടും ഫ്രീസറില്‍ വയ്ക്കാം.