‘വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, ലൈറ്റ് ഓഫ് ചെയ്യുക, ബാൽക്കണിയിലോ ജനലുകൾക്കരികിലോ നിൽക്കരുത്’; ചണ്ഡീഗഡിൽ അപായ സൈറൺ മുഴങ്ങി, അതീവ ജാഗ്രത നിർദേശം

news image
May 9, 2025, 5:17 am GMT+0000 payyolionline.in

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ വ്യോമാക്രമണ ഭീഷണി കണക്കിലെടുത്ത് ചണ്ഡീഗഡിൽ അതീവ ജാഗ്രത നിർദേശം. സൈറൺ മുഴക്കുകയും ജനങ്ങളോട് വീടിനുള്ളിൽ തന്നെ ഇരിക്കാനും വൈദ്യുതി ഓഫ് ചെയ്യാനും ചണ്ഡീഗഡ് ഭരണകൂടം നിർദേശം നൽകി.

പാക് ആക്രമണം ഉണ്ടാകാനിടയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. മൊഹാലിയിലും ജാഗ്രത നിർദേശമുണ്ട്. താമസക്കാർ വീടുകൾക്കുള്ളിൽ തന്നെ തുടരാനും ബാൽക്കണി, ജനാലകൾ, ഗ്ലാസ് പാളികൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കാനും നിർദേശിച്ചു. പുറത്തോ മേൽക്കൂരകളിലോ കയറരുതെന്നും നിർദേശിച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ പ്രവർത്തനവും നിർത്തിവെച്ചു.

വ്യാഴാഴ്ച രാത്രി ചണ്ഡീഗഢിൽ അടിയന്തര ബ്ലാക്ക്ഔട്ടിന് നിർദേശിച്ചിരുന്നു. സൈറണുകൾ മുഴങ്ങുകയും രാത്രി 9.30 ഓടെ വൈദ്യുതി ഓഫാക്കുകയും ചെയ്തു.

അതേസമയം, സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ 24 വിമാനത്താവളങ്ങൾ അടച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

പാക് അതിർത്തിയോടു ചേർന്ന സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളാണ് അനിശ്ചിത കാലത്തേക്ക് അടച്ചത്. ചണ്ഡീഗഡ്, ശ്രീനഗർ, അമൃത‍്സർ, ലുധിയാന, കുളു മണാലി, കിഷൻഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിൻഡ, ജയ്സാൽമർ, ജോധ്പുർ, ബിക്കാനീർ, ഹൽവാഡ, പഠാൻകോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കേശോദ്, കാണ്ഡല, ഭുജ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.

വിമാനങ്ങളിലെ സുരക്ഷ വർധിപ്പിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) നിർദേശം നൽകി. യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തി. ദേഹപരിശോധനയും ഐ.ഡി പരിശോധനയും കർശനമാക്കും. വിമാനത്താവള ടെർമിനലിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. കൂടാതെ, നിലവിലെ സുരക്ഷാ പരിശോധനകൾക്കു പുറമേ ‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക്’ (എസ്.എൽ.പി.സി) കൂടി ഏർപ്പെടുത്തി.

ഇതു പ്രകാരം ബോർഡിങ് ഗേറ്റിനു സമീപം ഒരിക്കൽ കൂടി സുരക്ഷാ പരിശോധന നടത്തും. യാത്രക്കാരെയും അവരുടെ കൈയിലുള്ള ക്യാബിൻ ബാഗും അടക്കം ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു വിശദമായി പരിശോധിക്കും. എല്ലാ വിമാനത്താവങ്ങളങ്ങളിലും 100 ശതമാനം സി.സി.ടി.വി കവറേജ് ഉറപ്പാക്കാനും ബി.സി.എ.എസ് ഉത്തരവിട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe