തിരുവനന്തപുരം: കേരളത്തിൽ മേയ് 20ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, മേയ് 18 മുതൽ 21 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ അറബിക്കടൽ, മാലദ്വീപ്, കന്യാകുമാരി മേഖല, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലും ആൻഡമാൻ ദ്വീപുകൾ, ആൻഡമാൻ കടൽ എന്നിവയുടെ ശേഷിക്കുന്ന ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ന്യുനമർദ സാധ്യതയുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിനു മുകളിലായി മേയ് 21-ഓടെ ഉയർന്ന തോതിൽ ചക്രവാത ചുഴി രൂപപ്പെട്ട് മേയ് 22-ഓടെ ന്യുനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും തുടർന്ന് വടക്കു ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
ഓറഞ്ച് അലർട്ട്
20/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് അർഥമാക്കുന്നത്.
യെലോ അലർട്ട്
18/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
19/05/2025: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
20/05/2025: തൃശൂർ, പാലക്കാട്, മലപ്പുറം
21/05/2025: കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതു കൊണ്ട് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണു പ്രതീക്ഷിക്കുന്നത്.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            