ന്യൂഡൽഹി: സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയ പാത 66 നിർമാണം ഈ വർഷം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് ഗഡ്കരി ഉറപ്പു നൽകിയത്.
ബുധനാഴ്ച ഡൽഹിയിലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂരിയാട് ദേശീയ പാത നിർമ്മാണം തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ദേശീയപാത നിർമാണത്തിൻ്റെ സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാർ നൽകിയ തുക കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ദേശീയ പാത ഉദ്യോഗസ്ഥർ കേരളത്തിൽ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ടിന്റെ വിശദാംശങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും പുറമെ സംസ്ഥാന പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സംസ്ഥാനത്തിൻ്റെ ഡൽഹിയിലെ സ്പെഷൽ ഓഫിസർ പ്രൊഫ. കെ.വി. തോമസ് എന്നിവർ പങ്കെടുത്തു. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വൈകീട്ട് നാല് മണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് വിശദീകരിക്കും. ചീഫ് സെക്രട്ടറി എ. ജയതിലക്, മരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            