കുവൈറ്റിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾ രാജ്യം വിടുന്നതിന് മുമ്പ് അവരുടെ തൊഴിലുടമകളിൽ നിന്ന് എക്സിറ്റ് പെർമിറ്റ് നേടണമെന്ന് കുവൈറ്റ് സർക്കാർ തീരുമാനിച്ചു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹാണ് ഇത് സംബന്ധിച്ച മന്ത്രിതല സർക്കുലർ പുറപ്പെടുവിച്ചത്. പ്രവാസി തൊഴിലാളികളുടെയും തൊഴിൽ ഉടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കൃത്യത വരുത്തുന്നതിന്റയും ഭാഗമായാണ് പുതിയ തീരുമാനമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ അറിയിച്ചു.
ജൂലൈ 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. സർക്കുലർ പ്രകാരം എക്സിറ്റ് പെർമിറ്റിനായി, തൊഴിലാളി സാഹൽ ആപ്പ് വഴി അപേക്ഷ സമർപ്പിക്കുകയും തൊഴിലുടമ സാഹൽ ആപ്പ് വഴി ഇത് അംഗീകരിക്കുകയും ചെയ്യണം. അടിയന്തര സാഹചര്യങ്ങളിൽ തൊഴിലാളിക്ക് വേണ്ടി തൊഴിലുടമയ്ക്ക് അപേക്ഷ സമർപ്പിക്കാം.
പ്രവാസി തൊഴിലാളികളുടെ യാത്രകളിൽ കൃത്യത വരുത്തുക, നിയമപരമായ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, മുൻകൂർ അറിയിപ്പ് കൂടാതെ രാജ്യം വിടുന്നതുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കുറയ്ക്കുക എന്നിവയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നു അതോറിറ്റി അറിയിച്ചു. തൊഴിലുടമകളും പ്രവാസി തൊഴിലാളികളും ഈ നടപടിക്രമം പൂർണ്ണമായും പാലിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നും അധികൃതർ പറഞ്ഞു. നേരത്തെ, സർക്കാർ ജീവനക്കാർക്ക് മാത്രമായിരുന്നു രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് എക്സിറ്റ് പെർമിറ്റ് നിർബന്ധമായിരുന്നത്. പുതിയ തീരുമാനം സംബന്ധിച്ച കൂടുതൽ വിഷാദശാംശങ്ങൾ വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            