ഒരു വസ്തു മുറുകെപ്പിടിക്കാനുള്ള കരുത്ത് അഥവാ ഗ്രിപ് നഷ്ടപ്പെടുന്നുവോ? സ്ട്രോക്ക് മുതൽ ഹൃദ്രോഗത്തിനുവരെ സാധ്യതയുള്ളവരുടെ കൂട്ടത്തിലായിരിക്കും അത്തരക്കാർ. പ്രമേഹം, അമിത വണ്ണം എന്നു തുടങ്ങി പേശിശോഷണം വരെ ഗ്രിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു
കൈയിൽ നിന്ന് ഫോൺ വെറുതെ താഴെ വീണിട്ടുണ്ടോ? ഒരു പക്ഷേ നിങ്ങൾക്ക് ഗ്രിപ് ശക്തി നഷ്ടമായിത്തുടങ്ങിയിട്ടുണ്ടാകും. മികച്ചതും കരുത്തുറ്റതുമായ ഗ്രിപ്പിന് ഏറെയുണ്ട് പ്രാധാന്യം. കാരണം നമ്മുടെ ശരീരാരോഗ്യത്തിന്റെ വ്യക്തമായ സൂചകമാണ് ഗ്രിപ് എന്ന് വിദഗ്ധർ പറയുന്നു. 17 രാജ്യങ്ങളിൽ നിന്നുള്ള 140,000 പേരുടെ ഡേറ്റ വെളിപ്പെടുത്തുന്നത്, മോശം ഗ്രിപ് പലതരം രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. ഹൃദ്രോഗം, പക്ഷാഘാതം, എല്ലുകളുടെ ക്ഷയം, വൈജ്ഞാനികമായ ശോഷണം, അമിതവണ്ണം, മസിൽനാശം തുടങ്ങിയവയുടെയെല്ലാം ഒരു ലക്ഷണമാണ് ഗ്രിപ് നഷ്ടമെന്നത്. ‘‘മോശം ഗ്രിപ് ഉള്ള മധ്യവയസ്സുകാരിൽ അമിത ക്ഷീണം, രോഗങ്ങൾ ഭേദമാകാനുള്ള താമസം, ശരീത്തിലെ കൊഴുപ്പ് എന്നിവയെല്ലാം കാണാം. അമ്പതു വയസ്സുമുതൽ ഗ്രിപ് നഷ്ടം വന്നുതുടങ്ങും. എന്നാൽ, ശാരീരികമായി സജീവമായി നിൽക്കുന്നവർക്ക് ഈ സ്വഭാവിക നഷ്ടം നീട്ടിവെപ്പിക്കാൻ കഴിയും’’ -ഡൽഹിയിലെ പ്രമുഖ ജനറൽ പ്രാക്ടീഷണർ ഡോ. രമിത് സിങ് സംപ്യാൽ പറയുന്നു.
ഗ്രിപ് പലതരം
ഒരു ജിം ഡംബൽ പിടിക്കാനുള്ള കഴിവ്, താക്കോൽ തിരിക്കാൻ, ഷോപ്പിങ് ബാഗ് പിടിക്കാനുള്ള കഴിവ് തുടങ്ങി ഗ്രിപ്പിന്റെ വകഭേദങ്ങൾ പലതാണ്. വിരലുകൾ മടക്കാൻ സഹായിക്കുന്നതും ശക്തി പകരുന്നതുമായ മസിലുകൾ, നേരെ നിർത്താൻ സഹായിക്കുന്ന എക്സ്റ്റൻസറുകൾ, മുൻകൈ, കൈക്കുഴ, ചുമൽ തുടങ്ങിയവയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് ഈ ഗ്രിപ്പെല്ലാം സാധ്യമാകുന്നത്.
മുന്നറിയിപ്പ്
ദുർബലമായതോ വ്യവസ്ഥയില്ലാത്തതോ ആയ കൈ ചലനങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഗ്രിപ് നഷ്ടം വന്നു തുടങ്ങിയെന്ന് മനസ്സിലാക്കാം.
ഗ്രിപ് ശക്തമാക്കാൻ വ്യായാമം
ദൈനംദിന വീട്ടുജോലികൾ വ്യായാമമാക്കി മാറ്റി അതൊരു മികച്ച ഗ്രിപ് വർക്കൗട്ടാക്കാൻ സാധിക്കുമെന്ന് ബ്രിട്ടീഷ് തെറപ്പിസ്റ്റ് സാമന്ത ഷാൻ പറയുന്നു. വസ്ത്രം അലക്കലും അവ ഉണക്കലും, ടവൽ പിഴിയൽ, പൂന്തോട്ട പരിചരണം തുടങ്ങിയവയെല്ലാം ഗ്രിപ് വർധിപ്പിക്കുമെന്നും അവർ വിശദീകരിക്കുന്നു.
- നാലു മുതൽ ആറു വരെ ആഴ്ചകളിൽ തുടർച്ചയായുള്ള ചെറു ഗ്രിപ് വ്യായാമങ്ങൾ: ടെന്നിസ് ബാൾ കൈകളിൽ വെച്ച് അമർത്തൽ-10 തവണ, ഏതാനും മിനിറ്റ് ടവൽ പിഴിയൽ തുടങ്ങിയവയിലൂടെ പുരോഗതി കൈവരിക്കാം.
- തുടർച്ചയായ സ്പ്രിങ് അധിഷ്ഠിത ഹാൻഡ് ഗ്രിപ്പറുകൾ ടെൻഡോണുകൾക്ക് (ചലന ഞരമ്പ്) ദോഷം വരുത്തിയേക്കാമെന്നാണ് ബ്രിട്ടീഷ് ഫിസിയോ തെറപ്പിസ്റ്റ് സാറ മിൽനർ അഭിപ്രായപ്പെടുന്നത്.
ഇതിന് പകരം, മുഴുവൻ ശരീരവും ഉൾപ്പെടുന്ന കൈനറ്റിക്-ചെയിൻ വർക്കൗട്ട് പരീക്ഷിക്കാം. കൈത്തണ്ട, കൈമുട്ട്, തോളുകൾ എന്നിവയെ സജീവമാക്കുന്ന പുഷ്-അപ്പുകൾ, ചുമൽ വർക്കൗട്ടുകൾ തുടങ്ങിയവയാണത്.