പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയെ തുടർന്നുള്ള ഗതാഗതക്കുരുക്കിൽപെട്ട വാഹന യാത്രക്കാർ തമ്മിലുള്ള കശപിശ യാത്രക്കാർക്ക് കൂടുതൽ ദുരിതം തീർക്കുന്നു. മഴ കനത്തത്തോടെ രൂപപ്പെട്ട കുഴിയിൽ വീണ് സമീപത്തുകൂടെ പോകുന്ന യാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കുന്നതാണ് മിക്ക പ്രശ്നങ്ങൾക്കും കാരണം.ഇന്ന് രാവിലെ എട്ടുമണിയോടെ നന്തി ടൗണിന് സമീപം കാർ യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള തർക്കത്തിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
ഇന്നലെ രാവിലെ വടകരയിലേക്കും തലശ്ശേരിയിലേക്കും പോകുന്ന രണ്ട് ബസ് ജീവനക്കാരുടെ തർക്കത്തിൽപ്പെട്ട യാത്രക്കാരെ പയ്യോളി സ്റ്റാൻഡിൽ ഇറക്കി വിട്ടാണ് ജീവനക്കാർ വാശി തീർത്തത്. യാത്രക്കാരുമായി ബസ് പോകാൻ പോലീസ് ആവശ്യപ്പെട്ടിട്ടും ഡ്രൈവർ അനുസരിക്കാൻ തയ്യാറായില്ല.
സമയക്രമത്തെ ചൊല്ലി പല ബസ്സുകളും ട്രിപ്പ് ക്യാൻസൽ ചെയ്യുന്ന അവസരത്തിലാണ് ജീവനക്കാർ തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്ന് ബസുകൾ വഴിയിൽ യാത്രക്കാരെ ഇറക്കിവിട്ട് ട്രിപ്പ് അവസാനിപ്പിക്കുന്നത്. റോഡിലെ വലിയ കുഴികൾ രൂപപ്പെടുന്നത് ഭാരം കയറ്റിയ വാഹനങ്ങളുടെ യാത്രയ്ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇന്ന് രാവിലെ തിക്കോടി മുതൽ മുതൽ പയ്യോളി വരെയുള്ള ഭാഗത്ത് കനത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.