പന്തീരാങ്കാവ്: വീടിന്റെ മുകളിൽ രഹസ്യമായി വളർത്തിയ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. പൊലീസ് എത്തിയതറിഞ്ഞു യുവാവ് കടന്നുകളഞ്ഞു. പെരുവയൽ മലയിൽ കൂടത്തിങ്ങൽ എൻ.പി.ഷഫീഖ് (27) വാടകയ്ക്ക് താമസിക്കുന്ന പെരുമണ്ണ പൊയിൽ താഴത്ത് കളരി പറമ്പിലെ വീടിന്റെ ടെറസിലാണ് 7 അടിയിലധികം പൊക്കമുള്ള കഞ്ചാവ് ചെടി വളർത്തിയത്.
ലഹരി മരുന്നു കണ്ടെത്തുന്ന സ്പെഷൽ സ്ക്വാഡിന് ലഭിച്ച വിവരത്തിൽ വെള്ളിയാഴ്ച രാത്രി 10 ന് പന്തീരാങ്കാവ് പൊലീസ് സംഘം വീട്ടിലെത്തി. ഇതേ സമയം ഡാൻസഫ് സംഘത്തെ കണ്ട യുവാവ് വീടിന്റെ പിൻവശത്ത് കൂടി ഓടിപ്പോകുകയായിരുന്നു. വീട്ടിൽ കയറിയ പന്തീരാങ്കാവ് എസ്ഐ പ്രശാന്തിന്റെ നേതൃത്വത്തിൽ ഡാൻസാഫ് എസ്ഐ ഐ.കെ.അബ്ദുറഹ്മാൻ, അംഗങ്ങളായ എഎസ്ഐ അനീഷ് മൂസാൻ വീട്, സുനോജ് കാരയിൽ എന്നിവർ ചെടി കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചട്ടിയിൽ വളർത്തിയ ചെടി മൂപ്പെത്താറായിട്ടുണ്ട്.