വടകര : കരിമ്പനപ്പാലത്ത് ദേശീയപാത പ്രവൃത്തി നടക്കുന്ന കരിമ്പനത്തോടിന് സമീപം റോഡ് ഇടിയുന്നത് ആശങ്ക ഉയർത്തുന്നു.
മഴ പെയ്തതോടെ വടകര നഗരത്തിലും കരിമ്പനത്തോട്ടിലും വെള്ളം ഉയർന്നതിനെത്തുടർന്ന് വെള്ളം ഒഴിവാക്കുന്നതിനായി കരിമ്പനത്തോട്ടിൽ താത്‌കാലികമായി പൈപ്പ് സ്ഥാപിച്ച് വെള്ളം ഒഴുക്കിവിടുന്നുണ്ട്.
ദേശീയപാതയ്ക്ക് കുറുകെ സ്ഥാപിച്ച ഈ പൈപ്പിന് സമീപത്തെ മണ്ണടക്കമാണ് ഇപ്പോൾ ഇടിയുന്നത്. ഇവിടെ രണ്ടുഭാഗമായാണ് വാഹനങ്ങൾ ഇരുവശങ്ങളിലേക്കും കടന്നുപോകുന്നത്. ഇതിൽ പയ്യോളി ഭാഗത്തേക്ക് പോകുന്ന റോഡിന്റെ പാലം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
മറ്റുഭാഗത്ത് റോഡിൽ മണ്ണിടുകയും അതിനുമുകളിൽ പൊളിച്ച റോഡിന്റെ ഉൾപ്പെടെ അവശിഷ്ടങ്ങളിട്ടാണ് ഗതാഗതയോഗ്യമാക്കിയത് . വടകര ഭാഗത്തേക്ക് വരുന്ന റോഡിൽ വീതി കുറവാണ്. അതിനുപുറമേ ഇരുവശങ്ങളിലും എല്ലാ ഭാഗത്തും കൈവരികളുമില്ല. ഇവിടെ ഭാരം കയറ്റിയ വാഹനങ്ങൾ പോകുമ്പോൾ റോഡ് ചെറിയരീതിയിൽ ഇടിയുന്നുണ്ട്.
മാത്രമല്ല, കാൽനടയാത്രക്കാർക്ക് പോകുന്നതിനായി മറ്റു വഴികൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ പോകുന്നതിനിടയിലൂടെയാണ് ആളുകൾ നടക്കുന്നത്. ഇതും അപകടത്തിന് കാരണമാകുമോ എന്ന ആശങ്കയുണ്ട്. പാലം കോൺക്രീറ്റ് ചെയ്തതിന്റെ ഭാഗത്തും കൈവരികളില്ല.
മാത്രമല്ല, ഇവിടെ റോഡിൽ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. തെരുവുവിളക്കുകളോ മറ്റു സൂചനാ ബോർഡുകളോ ഇല്ലാത്തതിനാൽ രാത്രിസമയങ്ങളിലും മഴയുള്ള സമയങ്ങളിലും വാഹനങ്ങൾക്ക് റോഡ് കൃത്യമായി മനസ്സിലാക്കാൻ പറ്റാത്ത സാഹചര്യമുണ്ട്.