കുവൈത്ത് സിറ്റി: ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കുവൈത്ത്. ഗതാഗത നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളും അതിന്റെ ഭേദഗതികളും വിവരിക്കുന്ന മന്ത്രിതല പ്രമേയം നമ്പർ 81/76 ലെ ആർട്ടിക്കിൾ 85 ലെ ക്ലോസ് 1ലാണ് ഭേദഗതികൾ വരുത്തുന്നത്. പുതുക്കിയ ക്ലോസ് അനുസരിച്ച്, ഏഴ് യാത്രക്കാരിൽ കൂടുതൽ വഹിക്കാത്ത സ്വകാര്യ വാഹനങ്ങൾ, രണ്ട് ടണ്ണിൽ കൂടാത്ത ലോഡ് കപ്പാസിറ്റിയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ, ടാക്സികൾ, ആംബുലൻസുകൾ എന്നിവക്കാണ് ഇനി സ്വകാര്യ ലൈസൻസ് നൽകുക.
കുവൈത്ത് പൗരന്മാർക്കും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാർക്കും 15 വർഷം, പ്രവാസികൾക്ക് 5 വർഷം, ബിദൂനികൾക്ക് കാർഡ് അവലോകനത്തിന്റെ കാലാവധി അനുസരിച്ചുമാണ് ലൈസൻസ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഔദ്യോഗിക ഗസറ്റിൽ തീരുമാനം പ്രസിദ്ധീകരിച്ചാലുടൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി ബാധ്യസ്ഥനാണ്. ഇതുമായി ബന്ധപ്പെട്ട്, 66,584 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയതായി മന്ത്രാലയം അറിയിച്ചു. എന്നാൽ റദ്ദാക്കലിനുള്ള കാരണത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            