മെട്രോ ലൈനില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി 32കാരനായ നിസാറാണ് മരിച്ചത്.
തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്റ്റേഷനുസമീപം മെട്രോ ട്രാക്കില്‍ നിന്ന് താഴേക്ക് ചാടിയ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോസ്റ്റേഷനില്‍ ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം.ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിലെത്തിയ യുവാവ് ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് ട്രാക്കിലേക്കിറങ്ങുകയായിരുന്നു. സുരക്ഷാ ജീവനക്കാരന് ഇയാളെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതിനിടെ എമര്‍ജന്‍സി വാക്ക് വേയില്‍ കയറി ഇയാള്‍ നൂറുമീറ്ററോളം മൂന്നോട്ടോടി. വിവരമറിഞ്ഞ് നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയ പോലീസും ഫയര്‍ ഫോഴ്സും ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മീറ്ററുകളോളം ഉയരത്തിലൂടെ കടന്നുപോകുന്ന മെട്രോ ലൈനില്‍ നിന്ന് ഇയാള്‍ താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി നിസാറാണ് ചാടിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് പള്ളിമുക്കിലെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.അതേ സമയം യുവാവ് ട്രാക്കിലിറങ്ങിയതുമായി ബന്ധപ്പെട്ട് മെട്രോ സര്‍വ്വീസ് ഒരു മണിക്കൂറോളം നിര്‍ത്തിവെച്ചിരുന്നു.പിന്നീട് സര്‍വ്വീസ് പുനരാരംഭിച്ചു.