32 ബ്രാന്‍ഡുകളുടെ 288 നിത്യോപയോഗ സാധനങ്ങള്‍ ഓഫറില്‍; ഭക്ഷ്യക്കിറ്റുകളും സമ്മാനങ്ങളുമായി സപ്ലൈകോ

news image
Aug 8, 2025, 1:33 pm GMT+0000 payyolionline.in

കണ്ണൂര്‍: ഓണത്തെ വരവേല്‍ക്കാന്‍ സപ്ലൈകോയുടെ ഗിഫ്റ്റ് കാര്‍ഡുകളും ആകര്‍ഷകമായ കിറ്റുകളും വിപണിയിലെത്തുന്നു. ജീവനക്കാര്‍ക്ക് ഓണസമ്മാനങ്ങള്‍ നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും റസിഡെന്റ്സ് അസോസിയേഷനുകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുന്ന വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്കും ഈ സംവിധാനം ഉപയോഗിക്കാം. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളും റസിഡെന്റ്സ് അസോസിയേഷനുകളും ക്ലബുകളും ഈ പദ്ധതിയില്‍ സപ്ലൈകോയുമായി കൈകോര്‍ത്തിട്ടുണ്ട്.

 

1225 രൂപ വിലയുള്ള 18 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും 625 രൂപ വിലയുള്ള 10 ഇനങ്ങളുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള ഒന്‍പത് ശബരി ഉത്പന്നങ്ങള്‍ അടങ്ങിയ ശബരി സിഗ്‌നേച്ചര്‍ കിറ്റ് 229 രൂപയ്ക്കുമാണ് നല്‍കുന്നത്.

സമൃദ്ധി കിറ്റില്‍ അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, ശബരി ബ്രാന്‍ഡിലെ ഗോള്‍ഡ് തേയില, കടുക്, ഉലുവ, ജീരകം, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്‌സ്, മില്‍മ നെയ്യ്, സാമ്പാര്‍ പൊടി, ആശീര്‍വാദ് ആട്ട, ശര്‍ക്കര പൊടി, കിച്ചന്‍ ട്രഷേഴ്‌സ് മാങ്ങ അച്ചാര്‍, കടല എന്നിവയും സമൃദ്ധി മിനികിറ്റില്‍ അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, ശബരി ബ്രാന്‍ഡിലെ കടുക്, മഞ്ഞള്‍പ്പൊടി, പായസം മിക്‌സ്, മില്‍മ നെയ്യ്, സാമ്പാര്‍പൊടി, ശര്‍ക്കരപ്പൊടി എന്നിവയാണ് ഉള്‍ക്കൊള്ളുന്നത്.

ശബരി സിഗ്നേച്ചര്‍ കിറ്റില്‍ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, സാമ്പാര്‍ പൊടി, രസം പൊടി, ഉലുവ, കടുക്, പാലട/ സേമിയ പായസം മിക്‌സ്, പുട്ടുപൊടി എന്നിവയാണുള്ളത്.

ഓണക്കാലത്ത് സപ്ലൈകോ വില്‍പനശാലകളില്‍ 32 പ്രമുഖ ബ്രാന്‍ഡുകളുടെ 288 നിത്യോപയോഗ സാധനങ്ങള്‍ക്ക് പ്രത്യേക ഓഫറുകളോ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവോ നല്‍കും. മുന്‍നിര കമ്പനികളുടെ ഉത്പന്നങ്ങള്‍ക്കാണ് ഓഫര്‍. സോപ്പ്, ഡിറ്റര്‍ജന്റുകള്‍, ബ്രാന്‍ഡഡ് ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങള്‍ എന്നിവയ്ക്കും ഓഫറുകളുണ്ട്.

500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാര്‍ഡുകളും വിതരണത്തിന് തയ്യാറാണ്. ഇതുപയോഗിച്ച് സപ്ലൈകോയുടെ വില്‍പനശാലകളില്‍ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ ഒക്ടോബര്‍ 31 വരെ വാങ്ങാം.

സപ്ലൈകോയില്‍ നിന്ന് ഓണക്കാലത്ത് ആയിരം രൂപയിലധികം സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നടത്തുന്ന ലക്കി ഡ്രോയിലൂടെ ഒരു പവന്റെ സ്വര്‍ണ നാണയമടക്കം നിരവധി സമ്മാനങ്ങളുണ്ട്. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ മറ്റു സമ്മാനങ്ങളും നല്‍കും. കൂടുതലറിയാന്‍ അടുത്തുള്ള സപ്ലൈകോ വില്‍പനശാലയുമായി ബന്ധപ്പെടാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe