കോഴിക്കോട്: ബിരിയാണിക്ക് മലയാളികൾ കൂടുതലായി ഉപയോഗിക്കുന്ന കൈമ അരിയുടെ വില കുതിച്ചുയരുന്നു. കിലോഗ്രാമിന് 240 രൂപവരെയായാണ് വില ഉയർന്നിരിക്കുന്നത്. ഒരുമാസത്തിനിടെ ഒരു കിലോഗ്രാമിന് ഉയർന്നത് നൂറു രൂപയോളം. പശ്ചിമ ബംഗാളിലെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതികൂല കാലാവസ്ഥയാണ് വില കുതിച്ചുയരാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.
ജൂണില്‍ കിലോയ്ക്ക് 140 രൂപ വരെയായിരുന്നു വിവിധ ക്വാളിറ്റികളിലുള്ള കൈമ അരിയുടെ വിലയെങ്കില്‍ ആഗസ്റ്റ് ആദ്യവാരം കിലോയ്ക്ക് 240 രൂപ വരെയാണ് വില. കൈമ അരിക്ക് വിലകൂടിയതോടെ വിലക്കുറവുള്ള കോലക്കും ബസുമതി ഇനങ്ങള്‍ക്കും ഡിമാന്‍ഡും ഒപ്പം ചെറിയ രീതിയില്‍ വിലയും കൂടിയെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
പശ്ചിമ ബംഗാളില്‍നിന്നാണ് കേരളത്തിലേക്ക് കൈമ അരി എത്തുന്നത്. കഴിഞ്ഞ സീസണില്‍ മഴ കാരണം വിത്തിറക്കാന്‍ സാധിക്കാത്തതും ഉല്‍പാദനം കുറഞ്ഞതുമാണ് വില കൂടാന്‍ കാരണമായത്. കയറ്റുമതി കൂടിയതും വന്‍കിടക്കാര്‍ അരി ശേഖരിച്ചുവെച്ചതും വില വീണ്ടും ഉയര്‍ത്തിയെന്നും വ്യാപാരികള്‍ പറയുന്നു.
വിളവെടുത്ത അരി രണ്ടുവര്‍ഷംവരെ സൂക്ഷിച്ച ശേഷം ഉപയോഗിക്കുമ്പോഴാണ് യഥാര്‍ഥ രുചി ലഭിക്കുക. ക്ഷാമം കാരണം വിളവെടുപ്പ് കഴിഞ്ഞയുടനെ അരി വിപണിയിലെത്തിക്കുന്നത് ഗുണനിലവാരത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്.