രാവിലെ കുട്ടികൾ ഫ്രഷായി സ്‌കൂളിൽ പോകട്ടെ! ഉച്ചയ്ക്ക് ശേഷം വേണമെങ്കിൽ മതപഠനം നടത്തട്ടെ; ഗൾഫിലെ പോലെ ഏഴരയ്ക്ക് സ്‌കൂൾ തുടങ്ങാൻ പാടില്ലെന്ന് എന്തിനാണ് വാശി: എ.എൻ. ഷംസീർ

news image
Aug 19, 2025, 5:26 pm GMT+0000 payyolionline.in

 

കണ്ണൂർ: ഇസ്‌ലാമിക രാജ്യമായ ഗൾഫ് രാഷ്ട്രങ്ങൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ സ്കൂൾ സമയം രാവിലെ ഏഴര, എട്ട് മണി മുതലാണെങ്കിലും ഇവിടെ അതൊന്നും പാടില്ലെന്ന നിലപാടിലാണ് ചിലർ ഉള്ളതെന്ന വിമർശനവുമായി നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. മദ്രസ പഠനകാര്യത്തിൽ കാലത്തിനനുസരിച്ച് മാറണമെന്നും മത പണ്ഡിതൻമാർ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി കതിരൂർ പഞ്ചായത്തിലെ പുല്യോട് ഗവ.എൽപി സ്‌കൂളിലെ പുതിയ ഓഡിറ്റോറിയം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതപഠനത്തിനോ മത വിദ്യാഭ്യാസത്തിനോ ഞങ്ങൾ എതിരല്ല. പക്ഷേ, കാലത്തിന് അനുസരിച്ച് നമ്മൾ മാറണം. സ്കൂൾ സമയം പത്തുമണി മുതൽ നാല് മണിവരെ എന്ന രീതി മാറ്റണം. പകരം എട്ടുമണിക്ക് സ്കൂൾ തുടങ്ങണം. ഇസ്‍ലാമിക രാഷ്ട്രങ്ങളിൽ വരെ രാവിലെ ഏഴരക്കാണ് സ്കൂൾ സമയം തുടങ്ങുന്നത്. ഇവിടെയെത്തുമ്പോൾ അതൊന്നും പറ്റില്ല എന്ന നിലപാട് ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു.

രാവിലെ ഉറങ്ങിയെഴുന്നേറ്റ് ഫ്രഷായി കുട്ടികൾ സ്‌കൂളിൽ പഠിക്കാൻ പോകട്ടെ. ഉച്ചയ്ക്ക് ശേഷം കളിക്കട്ടെ. ആ സമയത്ത് വേണമെങ്കിൽ മതപഠനം നടത്തട്ടെ. ഇക്കാര്യം മുൻപു പറഞ്ഞപ്പോൾ എന്നെ ആക്ഷേപിച്ചു, മതവിരുദ്ധനാക്കി മാറ്റിയെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. സ്കൂളിലെ പഠന സമയം മാറ്റത്തെക്കുറിച്ച് കേരളത്തിൽ ചർച്ച ഉണ്ടാകുകയും കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe