പയ്യോളി: ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പയ്യോളി, തച്ചൻകുന്ന് പ്രദേശങ്ങളിൽ ഭക്ഷണ നിർമ്മാണം, വിതരണം, വിൽപ്പന എന്നിവ നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മാലിന്യങ്ങൾ അനധികൃതമായി സംഭരിച്ച് പരിസരവാസികൾക്ക് അസഹ്യാേപദ്രവം ഉണ്ടാക്കിയ കീഴൂരിലെ ഗൃഹനാഥന് 25,000 രൂപ പിഴ അടക്കാൻ നിർദ്ദേശിച്ചു .ശുചിത്വം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ബേക്കറി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിന് നോട്ടീസ് നൽകി. ശുചിത്വ – മാലിന്യ സംസ്കരണത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെ ആളുകളെ താമസിപ്പിക്കുന്ന ഹെബ്ബാസ് ഗാർഡൻ എന്ന സ്ഥാപനത്തിന് നോട്ടീസ് നൽകി.
കുടിവെള്ള ശുചിത്വം പാലിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടും പാലിക്കാത്ത തച്ചൻകുന്ന് അൽബീർ പ്രി പ്രൈമറി സ്കൂളിന് നോട്ടീസ് നൽകി. വിവിധ സ്ഥാപനങ്ങളിൽ നിന്നും കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം 3,000 രൂപ പിഴ ഈടാക്കി.
പരിശോധനയ്ക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി നൂർജഹാൻ, പി.കെ ഷാജി, പി.കെ സാദത്ത് , ടി.കെ സുബീഷ് എന്നിവർ പങ്കെടുത്തു