പയ്യോളി : കഥാകൃത്ത് സുജേന്ദ്രഘോഷ് പള്ളിക്കരയുടെ 34 കഥകളുടെ സമാഹാരമായ ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ എന്ന പുസ്തകം ഈ വരുന്ന ആഗസ്റ്റ് 24-ന് പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പള്ളിക്കര സെൻട്രൽ എൽ.പി. സ്കൂളിൽ ഉച്ചയ്ക്ക് 2:30-ന് നടക്കുന്ന ചടങ്ങിൽ, പ്രശസ്ത കഥാകാരനും സാഹിത്യ നിരൂപകനുമായ വി.ആർ സുധീഷ് പുസ്തകം പ്രകാശനം ചെയ്യും.ഈ കഥാസമാഹാരം, ഏകാന്തതയുടെയും പ്രതീക്ഷയുടെയും ദാർശനിക തലങ്ങളെ സ്പർശിക്കുന്നു. ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെയാണ് ഈ കഥകൾ ആഴത്തിൽ പര്യവേക്ഷണം ചെയ്യുന്നത്. “ഒറ്റമരം” എന്ന ബിംബം ഏകാന്തതയുടെയും അതിജീവനത്തിൻ്റെയും പ്രതീകമായി ഈ കഥകളിൽ നിറഞ്ഞുനിൽക്കുന്നു. പ്രകൃതിയുടെ നിസ്സംഗതയും മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകളും ഈ കഥകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്നു. വാക്കുകൾക്കതീതമായ ശക്തമായ ഒരു മൗനം പലപ്പോഴും കഥാപാത്രങ്ങൾക്കിടയിലും അവരുടെ ലോകത്തിലും നിറഞ്ഞുനിൽക്കുന്നു.
പ്രശസ്ത നാടകകൃത്തും നോവലിസ്റ്റുമായ ശ്രീ ചന്ദ്രശേഖരൻ തിക്കോടി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. സാമൂഹിക പ്രവർത്തകനും റിട്ട: അധ്യാപകനുമായ ശ്രീ പി.ടി. ബാബു സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ സാംസ്ക്കാരിക പ്രവർത്തകൻ ശ്രീ :- വി.പി നാസർ അധ്യക്ഷത വഹിക്കും പള്ളിക്കരയിലെ സാംസ്കാരിക പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ ശ്രീ പ്രദീപ് കണിയാരിക്കൽ പുസ്തക പരിചയം നിർവ്വഹിക്കും. എഴുത്തുകാരി ശ്രീമതി അനിത ഗോപിനാഥ് പുസ്തകം ഏറ്റുവാങ്ങും.
അഡ്വക്കറ്റ് സമീർ ബാബു ആദ്യ വിൽപ്പന നടത്തും. പള്ളിക്കരയിലെ വിവിധ സാംസ്കാരിക പ്രമുഖരും, സാഹിത്യ സ്നേഹികളും ചടങ്ങിൽ പങ്കെടുക്കും. ഈ സമാഹാരം കാലത്തിൻ്റെ കുത്തൊഴുക്കിൽ തനിച്ചുനിൽക്കുന്ന ഓരോ “ഒറ്റമര”ത്തിനുമുള്ള ഒരു സമർപ്പണമാണെന്ന് എഴുത്തുകാരൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ വി.പി നാസർ, കൺവീനർ പി.ടി ബാബു മാസ്റ്റർ,സുജേന്ദ്ര ഘോഷ് പള്ളിക്കര കഥാകൃത്ത്, വൈസ് ചെയർമാൻ സത്യൻ കൂടത്തിൽ, ജോയിൻ്റ് കൺവീനർ പി.ആർ.കെ ദിനേശൻ എന്നിവർ പങ്കെടുത്തു