ഇന്ത്യയ്ക്ക് 5% വിലക്കിഴിവിൽ എണ്ണ നൽകും; ട്രംപിന്റെ ഭീഷണിക്കിടെ വാഗ്ദാനവുമായി റഷ്യ

news image
Aug 20, 2025, 3:19 pm GMT+0000 payyolionline.in

ന്യൂഡൽഹി: ട്രംപിന്റെ 50 ശതമാനം തീരുവ ഭീഷണിക്കിടെ ഇന്ത്യയ്ക്ക് അഞ്ച് ശതമാനം കിഴിവിൽ എണ്ണ നൽകുമെന്ന് റഷ്യ. റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയ്ക്ക് അഞ്ച് ശതമാനം കിഴിവ് നൽകുമെന്ന് ഇന്ത്യയിലെ റഷ്യൻ വ്യാപാര പ്രതിനിധി എവ്ജെനി ഗ്രിവ പറഞ്ഞു.

രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കാതെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി മുമ്പത്തേത് പോലെത്തന്നെ നടക്കും. കിഴിവുകളെ സംബന്ധിച്ചിടത്തോളം അത് ഒരു വാണിജ്യ രഹസ്യമാണ്. ബിസിനസുകാർ തമ്മിലുള്ള വിഷയമാണത്. കിഴിവ് ഏകദേശം അഞ്ച് ശതമാനമായിരിക്കും, ഇതിൽ വ്യത്യാസം വരാം- ഗ്രിവ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ബാഹ്യ സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യ-റഷ്യ ഊർജ്ജ സഹകരണം തുടരുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും ബന്ധത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രൈനിലെ കൂട്ടക്കൊല നിര്‍ത്താന്‍ എല്ലാവരും ആവശ്യപ്പെടുന്ന സാഹചര്യത്തില്‍പ്പോലും റഷ്യയില്‍നിന്ന് ഇന്ത്യ കൂടുതല്‍ ഇന്ധനം വാങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയായിരുന്നു ഇന്ത്യക്കെതിരേ ട്രംപ് തീരുവ ഏർപ്പെടുത്തിയത്. 25 ശതമാനം തീരുവയായിരുന്നു ഇന്ത്യക്കെതിരേ ആദ്യം ട്രംപ് പ്രഖ്യാപിച്ചത്.

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാൻ ഇന്ത്യ തയ്യാറാവാത്തതിനെ തുടർന്ന് 25 ശതമാനം കൂടി അധികമായി ചുമത്തുകയായിരുന്നു. ജൂലായ് 30-ന് ആണ് ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്‍റെ ആദ്യ പ്രഖ്യാപനമുണ്ടായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe