മകളെ പീഡിപ്പിച്ചത് താനല്ല, ആ അച്ഛൻ്റെ അലമുറയിട്ടുള്ള കരച്ചിലിന് ഒടുവിൽ ഉത്തരമായി. ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നതോടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് അച്ഛനല്ല എന്ന് വ്യക്തമായി. നാദാപുരം പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ വൻ ടിസ്റ്റ്. ഒടുവിൽ പെൺകുട്ടി മൊഴിമാറ്റി .
തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് ആയുർവേദ ചികിത്സാലയത്തിലെ ഡോക്ടറാണെന്ന പുതിയ മൊഴിയിൽ ഇപ്പോൾ യുവഡോക്ടറും ജയിലിലായി. തൂണേരി പഞ്ചായത്തിലെ ഒരു കടലവില്പനക്കാരനായ പിതാവിനാണ് ജീവിതത്തിലെ വലിയ ദുരന്തം സംഭവിച്ചത്. മകളുടെ പരാതിയിൽ ആ അച്ഛൻ ഇപ്പൊഴും ജയിലിലാണ് . കേട്ട പാതി കേൾക്കാത പാതി എല്ലാവരും അയാൾക്ക് കുറ്റവാളി പട്ടം ചാർത്തി.
പൊലീസ് പോക്സോ കുറ്റം ചുമത്തി . പോക്സോ കേസായിട്ടും പോലും ആ പിതാവിൻ്റെ ഫോട്ടോ സഹിതം പ്രമുഖ പത്രം വാർത്ത നൽകി. മകൾ പരാതിക്കാരിയായിട്ടും വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നായിരുന്ന വാർത്ത. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് 17 കാരി ഗർഭിണിയാണെന്ന് ഡോക്ടർ കണ്ടെത്തിയത്. ഗർഭം അലസിപ്പിക്കുമ്പോൾ ശേഖരിച്ച ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. പ്രതിയായ അച്ഛൻ്റെ ഡിഎൻഎയും പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ഗർഭിണിയാക്കിയത് അച്ഛനല്ല എന്ന സത്യം പുറത്ത് വന്നത്.