തിരുവനന്തപുരം: കേരള സ്കൂൾ ഒളിംപിക്സിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇത്തവണ മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്കൂൾ ഒളിംപിക്സ് സംഘാടക സമിതി രൂപീകരണ യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്ത് ഒക്ടോബർ 22 മുതൽ 28 വരെയാണ് ഇത്തവണത്തെ കായികമേള.
സംസ്ഥാന സ്കൂൾ കലോത്സവ മാതൃകയിലാണ് ഒളിമ്പിക്സ് രീതിയിൽ നടത്തുന്ന കായികമേളക്കും സ്വർണക്കപ്പ് സമ്മാനിക്കുക. ഇത്തവണത്തെ സ്കൂൾ ഒളിമ്പിക്സ് ഗിന്നസ് വേൾഡ് റെക്കോഡിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഗൾഫിൽ സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ പെൺകുട്ടികൾകൂടി കായികമേളയുടെ ഭാഗമാകും. കഴിഞ്ഞ വർഷം ഗൾഫ് സ്കൂളുകളെ ഉൾപ്പെടുത്തിയപ്പോൾ ആൺകുട്ടികൾ മാത്രമാണ് പങ്കെടുത്തത്. 1500 ഭിന്നശേഷി വിദ്യാർഥികളും മേളയുടെ ഭാഗമാകും. മത്സരങ്ങൾക്ക് 17 ഗ്രൗണ്ടുകളാണ് ആവശ്യം. പരിശീലനത്തിനുൾപ്പെടെ 22 ഗ്രൗണ്ടുകൾ കണ്ടെത്തും. ഭാഗ്യചിഹ്നവും തീം സോങ്ങും ഉണ്ടായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി മുഖ്യരക്ഷാധികാരി ആയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും വിവിധ മേഖലകളിലെ വിദഗ്ധരും അടങ്ങുന്ന സംഘാടക സമിതിയാണ് രൂപീകരിച്ചത്. ചടങ്ങിൽ അഡ്വ. ആന്റണി രാജു എംഎൽഎ അധ്യക്ഷനായിരുന്നു.