വിലങ്ങാട് ദുരന്തബാധിതര്‍ക്ക് ഉപജീവന നഷ്ടപരിഹാരം ഒന്‍പത് മാസം കൂടി നീട്ടി നല്‍കും ; മന്ത്രി കെ രാജന്‍

news image
Aug 20, 2025, 4:13 pm GMT+0000 payyolionline.in

നാദാപുരം: വിലങ്ങാട് ദുരന്ത ബാധിതര്‍ക്ക് വയനാട് ചൂരല്‍മലയില്‍ അനുവദിച്ചതിന് സമാനമായ ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസത്തേക്ക് കൂടി നീട്ടി നല്‍കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ വിളിച്ചു ചേര്‍ത്ത യോഗം നിര്‍ദ്ദേശിച്ചു.നാദാപുരം എംഎല്‍എ ഇ കെ വിജയന്‍, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, റവന്യൂ – ദുരന്തനിവാരണ വകുപ്പ് സെകട്ടറി എം ജി രാജമാണിക്യം, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഡോ. എ കൗശിഗന്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുരിയാക്കോസ്, കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് തുടങ്ങിയവരടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

നഷ്ടപരിഹാരം സംബന്ധിച്ച് ലഭ്യമായ പുതിയ പരാതികള്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് കൂടി ഉപജീവന നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. താമസ യോഗ്യമായ പ്രദേശങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ലാന്‍ഡ്‌സ്ലൈഡെഡ് അഡൈ്വസറി കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖലയില്‍ പരിശോധന നടത്തും. ദുരന്തത്തില്‍ തകര്‍ന്ന റോഡ്, പാലങ്ങള്‍ എന്നിവയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇതിനുള്ള ഫണ്ട് ഉടന്‍ ലഭ്യമാക്കും.

ഉരുള്‍പ്പെട്ടലില്‍ വീട് നഷ്ടപ്പെട്ട 49 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചു. തുക ലഭ്യമായി മൂന്ന് മാസം കൂടി ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സമാനമായി ഇവിടെയും 6,000 രൂപ വീതം വീട്ടുവാടകയും ഉറപ്പു വരുത്തും. കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഇതിനകം 9,20,470 രൂപ വിതരണം ചെയ്തിട്ടുണ്ട്.വിലങ്ങാട് ദുരന്തമേഖലയിലെ ബാങ്ക് വായ്പകള്‍ക്കുള്ള മൊറോട്ടോറിയം 2026 മാര്‍ച്ച് വരെ തുടരും. ഇതു സംബന്ധിച്ച് ഇടക്കാലത്തുണ്ടായ പരാതികള്‍ പരിഹാരം കണ്ടെത്തിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe