മണ്‍സൂണ്‍ തയാറെടുപ്പ്: 2 മാസം ‘ലേറ്റ്’ ആയി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുതുക്കിയ ഓറഞ്ച് ബുക്ക്

news image
Aug 21, 2025, 1:25 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രണ്ടു മാസം വൈകി പുതുക്കിയ ഓറഞ്ച് ബുക്ക് പുറത്തിറക്കി. മണ്‍സൂണ്‍ തയാറെടുപ്പുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ ഓറഞ്ച് ബുക്കില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ ഭൂപടത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം തയാറാക്കി 2016 പതിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്ന ഭൂപടത്തിനു പകരം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഭൂപടമാണ് പുതിയ ഓറഞ്ച് ബുക്കില്‍ ചേര്‍ത്തിരിക്കുന്നത്. ഈ ഭൂപടം അടിസ്ഥാനമാക്കി ആയിരിക്കും ഉരുള്‍പൊട്ടല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ഹൈ, മോഡറേറ്റ്, ലോ ഹസാര്‍ഡ് എന്നിങ്ങനെ മൂന്നു സോണുകളായാണ് ഈ ഭൂപടത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളെ തിരിച്ചിരിക്കുന്നത്. സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശം എന്ന പരാമര്‍ശം ഇനി ഈ മൂന്നു സോണുകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്കു മാത്രമാകും ബാധകമാകുക.
ഈ പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടതു കൊണ്ടു മാത്രം ഇവിടുത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, കെട്ടിടങ്ങളുടെ വിനിയോഗം എന്നിവ സ്ഥിരമായി തടയാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരമുണ്ടാകില്ല. എന്നാല്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് ഉള്ള ദിവസങ്ങളിലും അടുത്തുള്ള ദിവസങ്ങളിലും താല്‍ക്കാലികമായി തടയാനാകും.
പുതിയ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കാനായി ചെക്ക്‌ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. 2018 മണ്‍സൂണ്‍ സമയത്ത് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ള സോണുകളില്‍ പുതിയ നിര്‍മാണത്തിന് അനുമതി നല്‍കാന്‍ കഴിയില്ല. എല്ലാ മണ്‍സൂണ്‍ സമയത്തും ദുരന്തസാധ്യതാ പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe