ഇന്തൊനീഷ്യയിൽ നിന്ന് അമേരിക്കയിലെത്തിയ ചെമ്മീനിൽ റേഡിയോ ആക്ടീവ് പദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്, കഴിക്കരുതെന്ന മുന്നറിയിപ്പുമായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). വോൾമാർട്ടിന്റെ സ്റ്റോറുകൾ വഴി വിതരണം ചെയ്യാനാണ് ഇവ എത്തിച്ചിരുന്നത്. എങ്കിലും, ഈ ചെമ്മീനുകൾ സ്റ്റോറുകളിൽ എത്തിയിട്ടില്ലെന്നും അഥവാ കൈവശം ലഭിച്ചാൽ ആരും കഴിക്കരുതെന്നും ഒഴിവാക്കാനും എഫ്ഡിഎ മുന്നറിയിപ്പ് നൽകി.യുഎസിലെ ലൊസാഞ്ചലസ്, ഹൂസ്റ്റൺ, മയാമി തുടങ്ങിയ ഇടങ്ങളിൽനിന്ന് ശേഖരിച്ച സാംപിളിലാണ് പരിശോധനയിലൂടെ സെസിയം-137 റേഡിയോ ആക്ടീവ് പദാർഥം കണ്ടെത്തിയത്. ചെറിയ അംശമാണ് കണ്ടെത്തിയതെങ്കിലും ഉപഭോക്താക്കളോട് കഴിക്കരുതെന്ന് നിർദേശിക്കുന്നതായി എഫ്ഡിഎ വ്യക്തമാക്കി.
ഇതിനകം ആരെങ്കിലും ഈ ചെമ്മീനുകൾ വാങ്ങിയിട്ടുണ്ടെങ്കിൽ കഴിക്കാതെ ദൂരെ എറിയുക. കഴിച്ചുവെങ്കിൽ ഉടൻ ഡോക്ടറെ കാണാനും എഫ്ഡിഎ നിർദേശിച്ചു. ഫ്ലോറിഡ, ജോർജിയ, കെന്റക്കി, ഒഹായോ, ടെക്സസ്, അലബാമ തുടങ്ങി 13 സംസ്ഥാനങ്ങളിലേക്ക് അയച്ച സ്റ്റോക്ക് വോൾമാർട്ട് തിരികെവിളിച്ചിട്ടുണ്ട്.
ഇന്തൊനീഷ്യയ്ക്ക് തിരിച്ചടി; നേട്ടമാകുമോ ഇന്ത്യയ്ക്ക്?
യുഎസിലേക്ക് ഏറ്റവുമധികം ചെമ്മീൻ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അമേരിക്ക ഇറക്കുമതി ചെയ്യുന്ന മൊത്തം ചെമ്മീനിൽ 34 ശതമാനമാണ് ഇന്ത്യയിൽ നിന്നെത്തുന്നത്. ഇന്ത്യൻ ചെമ്മീനിന് മികച്ച നിലവാരമുണ്ടെന്നതും അമേരിക്കക്കാരെ ആകർഷിക്കുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താരിഫ് പോരിനിറങ്ങും മുൻപുള്ള കണക്കെടുത്താൽ, ഇക്കഴിഞ്ഞ ജനുവരിയിൽ 71,188 മെട്രിക് ടൺ ചെമ്മീനാണ് അമേരിക്ക ആകെ ഇറക്കുമതി ചെയ്തത്. ഇതിൽ 20,055 മെട്രിക് ടണ്ണും ഇന്ത്യയിൽ നിന്നായിരുന്നു. ആ മാസം ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി 55.4% ഉയരുകയും ചെയ്തിരുന്നു.
∙ ഇക്വഡോർ ആണ് രണ്ടാംസ്ഥാനത്ത്; 15,301 ടൺ. അതേമാസം പക്ഷേ, ഇക്വഡോർ നേരിട്ടത് 13.3% ഇടിവ്.
∙ മൂന്നാമതാണ് ഇന്തൊനീഷ്യ. ജനുവരിയിൽ ഇന്തൊനീഷ്യ 11,534 മെട്രിക് ടൺ ചെമ്മീൻ അമേരിക്കയിലെത്തിച്ചു. വളർച്ച 1.3% മാത്രം.
ഇന്തൊനീഷ്യൻ ചെമ്മീന് അമേരിക്ക നിയന്ത്രണമോ വിലക്കോ ഏർപ്പെടുത്തിയാൽ നേട്ടം കൊയ്യാൻ സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. കാരണം, ഇന്ത്യൻ ചെമ്മീനിന് നിലവാരവും താരതമ്യേന രുചിയും കൂടുതലാണ്. യുഎസുകാർക്ക് ചെമ്മീൻ അവിഭാജ്യമായൊരു ഭക്ഷ്യവിഭവവുമാണ്. ഇക്വഡോറിൽ നിന്ന് മൂല്യവർധിത ഇനങ്ങൾ അമേരിക്കയിൽ എത്തുന്നില്ല എന്ന നേട്ടവും ഇന്ത്യയ്ക്കുണ്ട്.
പക്ഷേ, ഇക്വഡോറിന് ട്രംപ് 10% തീരുവയേ ചുമത്തിയിട്ടുള്ളൂ. ഇന്ത്യയ്ക്ക് 50% തീരുവയാണ് പ്രാബല്യത്തിലാവുന്നത്. മറ്റൊരു എതിരാളിയായ ചൈനയ്ക്ക് 30 ശതമാനമാണ് തീരുവ. ഇന്ത്യയുടെ തീരുവ ചർച്ചകളിലൂടെയോ റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിലോ ട്രംപ് 50 ശതമാനത്തിൽ നിന്ന് 15-20 ശതമാനമായി കുറച്ചാൽ, അമേരിക്കക്കാർ കൂടുതൽ വാങ്ങാൻ ശ്രമിക്കുക ഇന്ത്യൻ ചെമ്മീൻ ആയിരിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ 400 കോടി ഡോളറിന്റെ ചെമ്മീനാണ് ഇന്ത്യയിൽ നിന്ന് പ്രതിവർഷം ശരാശരി യുഎസിൽ എത്തുന്നത്. ഏകദേശം 35,000 കോടി രൂപ. ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളാണ് ചെമ്മീൻ കയറ്റുമതിയിൽ മുൻനിരയിലുള്ളത്. കേരളത്തിൽ നിന്ന് യുഎസിലെത്തുന്ന സമുദ്രോൽപന്നങ്ങളിൽ 90 ശതമാനവുമാകട്ടെ ചെമ്മീനാണ്.