ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമെന്ന നേട്ടത്തിൽ കേരളം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

news image
Aug 21, 2025, 1:47 am GMT+0000 payyolionline.in

രാജ്യത്ത്‌ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരസംസ്ഥാനമെന്ന നേട്ടത്തിൽ കേരളം. 14നും 60നുമിടയിൽ പ്രായമുള്ള 99 ശതമാനത്തിലധികം പേരും ഡിജിറ്റൽ സാക്ഷരരായി. 90 ശതമാനമാണ്‌ ദേശീയ മാനദണ്ഡം. ഇന്ന് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. 2022ൽ തുടക്കമിട്ട ‘ഡിജി കേരളം’ പദ്ധതിയിലൂടെയാണ്‌ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായത്‌.

തദ്ദേശസ്ഥാപനംവഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈൻ വഴിയാക്കിയിരുന്നു. സേവനങ്ങൾ ഓൺലൈനാകുമ്പോൾ അത് നേടാൻ എല്ലാവരെയും പ്രാപ്തരാക്കണമെന്ന കാഴ്ചപ്പാടിലാണ്‌ ഡിജി കേരളം ആവിഷ്‌കരിച്ചത്‌.

ഡിജിറ്റൽ സാക്ഷരരല്ലാത്ത, 14 വയസിന് മുകളിലുള്ളവരുടെ വിവരം 83.45 ലക്ഷം കുടുംബങ്ങളിൽ സർവേ നടത്തി കണ്ടെത്തി 21,88,398 പേർക്ക്‌ ഡിജിറ്റൽ വിദ്യാഭ്യാസം നൽകി. മൊബൈൽ ഫോൺ ഉപയോഗത്തിലെ അടിസ്ഥാന കാര്യങ്ങളിലടക്കം പരിശീലനം നൽകി. 21,87,966 പഠിതാക്കൾ പരിശീലനം പൂർത്തിയാക്കി.

99.98 ശതമാനം പേരാണ് വിജയിച്ച് ഡിജിറ്റൽ സാക്ഷരതാ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. ഇവരിൽ 15,223 പേരും 90 വയസിന് മുകളിലുള്ളവരാണ്‌. തിരുവനന്തപുരം പുല്ലമ്പാറ ഗ്രാമപഞ്ചായത്തിനെ ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽസാക്ഷര ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തിരുന്നു. ഇന്ന് വൈകിട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കും. ചടങ്ങിൽ മന്ത്രി എംബി രാജേഷ് അധ്യക്ഷനാകും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe