തിരുവനന്തപുരം: അങ്കണവാടികളിലെ പരിഷ്‌കരിച്ച മാതൃക ഭക്ഷണ മെനു സെപ്റ്റംബര്‍ 8 മുതല്‍ നടപ്പിലാക്കുമെന്ന് വനിതാ ശിശുവികസന ഡയറക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഓരോ ജില്ലയില്‍ നിന്നും ശിശുവികസന പദ്ധതി ഓഫീസര്‍മാരും സൂപ്പര്‍വൈസര്‍മാരുമടങ്ങുന്ന 4 വീതം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 56 പേര്‍ക്ക് 3 ദിവസത്തെ സംസ്ഥാനതല പരിശീലനം സര്‍ക്കാര്‍ അനുമതിയോടെ കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയില്‍ ആഗസ്റ്റ് 5 മുതല്‍ 7 വരെ സംഘടിപ്പിച്ചു.
സംസ്ഥാന തലത്തില്‍ ടിഒടി പരിശീലനം ലഭ്യമായ പരിശീലകര്‍ ജില്ലകളിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഹോം സയന്‍സ് സ്ഥാപനങ്ങളുമായി കൈ കോര്‍ത്ത് അതാതു ജില്ലകളിലെ സി.ഡി.പി.ഒ ആന്റ് സൂപ്പര്‍വൈസര്‍മാര്‍ / തെരെഞ്ഞെടുത്ത അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ എന്നിവര്‍ക്കുള്ള ജില്ലാതല പരിശീലനം നല്‍കും. തുടര്‍ന്ന് ഇവര്‍ സെക്ടര്‍, സബ് സെക്ടര്‍ തലത്തില്‍ 66240 അങ്കണവാടി പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കും.
അങ്കണവാടികളിലെ WBNP വഴി വിതരണം ചെയ്യുന്ന അരിയും സംസ്ഥാന സര്‍ക്കാര്‍ പോഷകബാല്യം പദ്ധതിയിലൂടെ അനുവദിക്കുന്ന മുട്ടയും പാലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന അനുവദിച്ചു വരുന്ന മറ്റു ഭക്ഷ്യ സാധനങ്ങളും ഉപയോഗിച്ചാണ് ഗുണഭോക്താക്കളുടെ താല്പര്യത്തിന് അനുസൃതമായി കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശ പ്രകാരം പരിഷ്‌കരിച്ച മാതൃക ഭക്ഷണമെനു നടപ്പിലാക്കുന്നത്.