ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് 18% ജിഎസ്ടി; ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെലവേറുമോ? റെസ്റ്റോറന്റുകളുടെ ഡെലിവറിക്ക് ചെലവ് കുറയും

news image
Sep 10, 2025, 12:51 pm GMT+0000 payyolionline.in

ണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളായ സൊമാറ്റോ, സ്വിഗ്ഗി എന്നിവ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഇനി അധിക തുക നല്‍കേണ്ടി വരും. 2025 സെപ്റ്റംബര്‍ 22 മുതല്‍ ഡെലിവറി ഫീസിന് 18% അധിക ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനമാണ് ഇതിന് കാരണം. നിലവില്‍ ഭക്ഷണത്തിന് ഈടാക്കുന്ന 5% ജിഎസ്ടിക്ക് പുറമെയാണിത്. അതേസമയം, സ്വന്തമായി ഡെലിവറി സംവിധാനങ്ങളുള്ള റെസ്റ്റോറന്റുകള്‍ക്കും ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റുകള്‍ക്കും ഇത് നേട്ടമാവുമെന്നും വിലയിരുത്തപ്പെടുന്നു. സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകള്‍ക്ക് (ഉദാഹരണത്തിന്, ഡോമിനോസ്, പിസ ഹട്ട്, മക്‌ഡൊണാള്‍ഡ്‌സ്, കെഎഫ്സി) ഡെലിവറി ഫീസിന് 18% ജിഎസ്ടി നല്‍കേണ്ടതില്ല. അവരുടെ ബില്ലുകളില്‍ ഭക്ഷണത്തിനുള്ള പുതുക്കിയ 5% ജിഎസ്ടി മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് തന്നെ, ഇത്തരം റെസ്റ്റോറന്റുകളില്‍ നിന്ന് നേരിട്ട് ഓര്‍ഡര്‍ ചെയ്യുന്നത് കൂടുതല്‍ ലാഭകരമായിരിക്കും.

കണക്കുകള്‍ പ്രകാരം, ഒരു ഓര്‍ഡറിന് ശരാശരി 2 രൂപ മുതല്‍ 2.6 രൂപ വരെ അധികമായി ഉപഭോക്താക്കള്‍ക്ക് ചെലവാകും. ഉദാഹരണത്തിന്:

സൊമാറ്റോ: ശരാശരി ഡെലിവറി ഫീസ് 11-12 രൂപ, അധിക ജിഎസ്ടി ഏകദേശം 2.0 രൂപ.

സ്വിഗ്ഗി: ശരാശരി ഡെലിവറി ഫീസ് 14.5 രൂപ, അധിക ജിഎസ്ടി ഏകദേശം 2.6 രൂപ.

നിലവില്‍, ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് പോലുള്ള ആപ്പുകള്‍ വഴി നല്‍കുന്ന ഡെലിവറി സേവനങ്ങള്‍ പലപ്പോഴും ‘പാസ്-ത്രൂ’ ആയി കണക്കാക്കപ്പെടുന്നു. അതായത്, പ്ലാറ്റ്ഫോമുകള്‍ ഡെലിവറി ഫീസ് ശേഖരിക്കുകയും അതേപടി ഡെലിവറി ജീവനക്കാര്‍ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്. ജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 9(5) പ്രകാരം ഈ സേവനങ്ങള്‍ക്ക് നികുതി ചുമത്തുന്നതില്‍ അവ്യക്തതയുണ്ടായിരുന്നു.എന്നാല്‍, 2025 സെപ്റ്റംബര്‍ 22 മുതല്‍ ഈ സ്ഥിതിക്ക് മാറ്റം വരും. ആപ്പുകള്‍ വഴി നല്‍കുന്ന പ്രാദേശിക ഡെലിവറി സേവനങ്ങള്‍ സെക്ഷന്‍ 9(5)-ന്റെ പരിധിയില്‍ വരുമെന്ന് ജിഎസ്ടി കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, ഈ സേവനങ്ങള്‍ക്ക് 18% ജിഎസ്ടി ബാധകമാകും.

കൂടാതെ,നികുതി ശേഖരിക്കുന്നതിനും സര്‍ക്കാരില്‍ അടയ്ക്കുന്നതിനും ആപ്പുകള്‍ക്ക് ഉത്തരവാദിത്തമുണ്ടാകും. ഈ മാറ്റം, പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തന ചെലവ് വര്‍ദ്ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് ഡെലിവറി ഫീസില്‍ അധിക ചെലവ് വരുത്താനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുമ്പോഴുള്ള ജിഎസ്ടി നിരക്കുകള്‍ ജിഎസ്ടി കൗണ്‍സില്‍ ലളിതമാക്കി. 2025 സെപ്റ്റംബര്‍ 22 മുതല്‍, മിക്ക റെസ്റ്റോറന്റ് ഭക്ഷണങ്ങള്‍ക്കും 5% ഏകീകൃത ജിഎസ്ടി നിരക്ക് ബാധകമാകും. ഇതിനുമുമ്പ്, റെസ്റ്റോറന്റിന്റെ വിഭാഗവും മറ്റ് ചില വ്യവസ്ഥകളും അനുസരിച്ച് 5%, 12%, 18% എന്നിങ്ങനെ വ്യത്യസ്ത നിരക്കുകള്‍ നിലനിന്നിരുന്നു. ഈ 5% ജിഎസ്ടി നിരക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഇല്ലാത്തതാണ്. അതായത്, റെസ്റ്റോറന്റുകള്‍ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന നികുതി പിന്നീട് തിരികെ ലഭിക്കില്ല. അതേസമയം, റെസ്റ്റോറന്റുകള്‍ക്ക്, പ്രത്യേകിച്ച് ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റുകള്‍ക്ക് , അസംസ്‌കൃത വസ്തുക്കളുടെ ജിഎസ്ടി കുറച്ചത് ഗുണകരമാകും. ചീസ്, ബട്ടര്‍, സോസുകള്‍, പനീര്‍, പാക്കേജിംഗ് എന്നിവയ്ക്ക് മുമ്പ് 12%, 18% എന്നിങ്ങനെയായിരുന്നു നികുതി. ഇവയെല്ലാം ഇപ്പോള്‍ 5% നിരക്കിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe