‘റേഷന്‍ കടയില്‍ വിലക്ക് നേരിട്ട മറിയകുട്ടി ചേടത്തിക്ക് വേണ്ട സാധനങ്ങൾ എത്തിച്ചു’; സുരേഷ്‌ ഗോപി

news image
Sep 11, 2025, 10:47 am GMT+0000 payyolionline.in

ഇടുക്കി റേഷൻ കടയിൽ വിലക്ക് നേരിട്ട മാറിയക്കുട്ടിക്ക് സഹായമെത്തിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്. റേഷന്‍ കടയില്‍ വിലക്ക് നേരിട്ട മറിയകുട്ടി ചേടത്തിക്ക് വേണ്ട സാധനങ്ങൾ സുരേഷ് ഗോപി ഫാൻസ്‌ അസോസിയേഷൻ നൽകി. ഇടുക്കി ജില്ലാ കമ്മിറ്റി എല്ലാ സഹായവും എത്തിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി. സഹായമെത്തിച്ച ഇടുക്കി ജില്ലാ കമ്മിറ്റിയിലെ അംഗങ്ങൾക്കും നന്ദിയും അദ്ദേഹം അറിയിച്ചു.

അടിമാലിയിലെ ARD 117 എന്ന റേഷൻ കടയിലാണ് മറിയക്കുട്ടിവിലക്ക് നേരിട്ടത്. സാധനങ്ങൾ വാങ്ങാൻ എത്തിയ മറിയക്കുട്ടിയോട് ബിജെപിക്കാരുടെ കടയിൽ പോകാൻ ജീവനക്കാർ പറഞ്ഞു എന്നാണ് ആരോപണം. കോൺഗ്രസ് നേതാവിന്റെ കടയിൽ നിന്നാണ് വിലക്ക് ഉണ്ടായതെന്ന് മറിയക്കുട്ടി പറയുന്നു. സംഭവത്തിൽ ജില്ലാ കളക്ടർക്കും സപ്ലൈ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.

അതേസമയം, മറിയക്കുട്ടിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് റേഷൻ കട ഉടമ പറഞ്ഞു. സാങ്കേതിക തകരാർ കാരണം റേഷൻ വിതരണം തടസ്സപ്പെട്ടപ്പോഴാണ് മറിയക്കുട്ടി വന്നത്. മറിയക്കുട്ടിയെപ്പോലെ തന്നെ നിരവധി പേർ റേഷൻ വാങ്ങാൻ ആവാതെ തിരിച്ചു പോയെന്നും കട ഉടമ പറഞ്ഞു.

2023 നവംബറിലാണ് ക്ഷേമപെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ മറിയക്കുട്ടി പ്രതിഷേധ സൂചകമായി അടിമാലി ടൗണിൽ ഭിക്ഷ യാചിച്ച് സമരം നടത്തിയത്. വേറിട്ട സമരത്തിലൂടെ വാര്‍ത്തയില്‍ ഇടംപിടിച്ചതിന് പിന്നാലെ സഹായവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇരുനൂറേക്കർ സ്വദേശിയായ മറിയക്കുട്ടിക്കെതിരെ സിപിഎം രംഗത്ത് വരികയും കെപിസിസി വീട് വെച്ച് നൽകുകയും ചെയ്തിരുന്നു. എന്നാൽ, വീട് വച്ചുതന്നതിനുശേഷം കോൺഗ്രസ് തിരിഞ്ഞു നോക്കിയില്ലെന്ന് മറിയക്കുട്ടി പറഞ്ഞു. തുടർന്ന് മറിയക്കുട്ടി ബിജെപിയിൽ ചേരുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe