കുട്ടി ഡ്രൈവർമാർ ജാഗ്രതെ;പിടിച്ചാൽ രക്ഷിതാവിനും പണികിട്ടും

news image
Sep 16, 2025, 12:23 pm GMT+0000 payyolionline.in

കുട്ടിഡ്രൈവർമാരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നു. വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള ‘നോ കീ ഫോർ കിഡ്സ്’ എന്ന പ്രചാരണത്തിൻ്റെ ഭാഗമായാണ് നടപടി.

പ്രായപൂർത്തിയകാത്തവരുടെ ഡ്രൈവിങ് കുറ്റകരമാണെന്ന ബോധവത്കരണം കൂടി ഇതിലൂടെ ലക്ഷ്യമിടുന്നു. എൻഫോഴ്സസ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കർശന പരിശോധനയും നടത്തും.

കാസർകോട് ഓട്ടോഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനമോടിച്ചിരുന്നത് 16-കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം സംഭവങ്ങൾ ചെറുക്കാൻ പ്രത്യേക പരിശോധന നടത്തുന്നത്. സ്‌കൂൾ പരിസരങ്ങൾ, പൊതുയിടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുക്കും പരിശോധന. കണ്ടെത്തുന്നവർക്കെതിരേ ആദ്യഘട്ടത്തിൽ ബോധവത്കരിക്കും. വാഹനമോടിച്ച കുട്ടിയെയും ഒപ്പം രക്ഷിതാവിനെയും പ്രത്യേക ക്ലാസുകൾക്ക് ഇരുത്തും.

വീണ്ടും പിടിക്കപ്പെട്ടാൽ ലൈസൻസ് ഇല്ലാതെ ഡ്രൈവ് ചെയ്‌തതിന് 10,000 രൂപ പിഴ, രക്ഷിതാവിനോ ഉടമയ്ക്കോ 25,000 രൂപ പിഴയും ഒരു വർഷം വരെ തടവും, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കൽ, ജുവനൈൽ നിയമപ്രകാരമുള്ള നടപടികൾ എന്നിവ നേരിടേണ്ടിവരുമെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്.

സാമൂഹികമാധ്യമങ്ങളിലൂടെ ബോധവത്കരണം, കുട്ടികൾക്ക് വാഹനം നൽകുന്നവരെക്കുറിച്ചുള്ള ഓൺലൈൻ അഭിപ്രായ സർവേ തുടങ്ങി വിവിധ പ്രവർത്തനങ്ങളും നടത്താനാണ് ലക്ഷ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe