പയ്യോളി: മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ പേരിലുള്ള പയ്യോളി നഗരസഭയുടെ സ്റ്റേഡിയത്തിനോടുള്ള അവഗണനക്കെതിരെ ആർ ജെ ഡി പ്രക്ഷോഭത്തിലേക്ക്. സ്റ്റേഡിയം ചെളി നിറഞ്ഞു കളിക്കാൻ പറ്റാത്ത രൂപത്തിൽ മാറിയിട്ടും, പലതവണ മുൻസിപ്പൽ ചെയർമാനെയും ബന്ധപ്പെട്ട കൗൺസിലർമാരെയും അറിയിച്ചിട്ടും യാതൊരുവിധ നടപടിയും കൈക്കൊള്ളാത്ത ഭരണസമിതിയുടെ അവഗണനയാണെന്ന് ആർ ജെ ഡി ആരോപിച്ചു.
ഇത്തരം സാഹചര്യമൊക്കെ നിലനിൽക്കുമ്പോഴും മെറ്റലും, പൈപ്പുകളും ഇറക്കാനനുമതി കൊടുത്ത മുൻസിപ്പാലിറ്റിയുടെ നിലപാട്, സ്പോർട്സ് പ്രേമികളെയും മുൻ മുഖ്യമന്ത്രി ഇ കെ നായനാരോടുമുള്ള അനാദരവാണെന്നും യോഗം കുറ്റപ്പെടുത്തി.
യോഗത്തിൽ ആർ ജെ ഡി മുൻസിപ്പൽ ചെയർമാൻ പി ടി രാഘവൻ അധ്യക്ഷം വഹിച്ചു. രാജൻ കൊളാവിപ്പാലം കെ വി ചന്ദ്രൻ, കെ പി ഗിരീഷ്കുമാർ,പുനത്തിൽ ഗോപാലൻ മാസ്റ്റർ, പി പി മോഹൻദാസ്, കണ്ടോത്ത് ചന്ദ്രൻ, എൻ പി ചന്ദ്രൻ, പുനത്തിൽ അശോകൻ, സിന്ധു ശ്രീശൻ എന്നിവർ സംസാരിച്ചു.