കോഴിക്കോട് കലക്ടറുടെ കയ്യൊപ്പിന് ഇനി വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികളുടെ മഷി പുരളും

news image
Sep 17, 2025, 2:55 pm GMT+0000 payyolionline.in

കോഴിക്കോട്: ‘പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക’ എന്ന 2025 ലെ പരിസ്ഥിതി ദിന പ്രമേയം ഏറ്റെടുത്ത് പരിസ്ഥിതി സംരക്ഷണത്തിനായി ചിങ്ങപുരം, വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ‘അക്ഷരപ്പച്ച’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച
നൂറ് പേപ്പർ പേനകൾ കലക്ടറുടെ ഓഫീസിൽ ഉപയോഗിക്കുന്നതിനായി
ജില്ലാ കലകടർ ഡോ. സ്നേഹിൽ കുമാർ സിങ്ങിന് കൈമാറി.
സ്കൂൾ ലീഡർ എം.കെ.വേദ കലക്ടർക്ക് പേനകൾ കൈമാറി.
പരിസ്ഥിതി ക്ലബ്ബ് അസി. ലീഡർ എസ്. അദ്വിത ‘അക്ഷരപ്പച്ച’ പദ്ധതിയെ കുറിച്ച് കലക്ടർക്ക് വിശദീകരിച്ച് നൽകി.

പേനകൾ ഏറ്റു വാങ്ങിക്കൊണ്ട് ,കൊച്ചു കൂട്ടുകാരുടെ ഏറ്റവും മാതൃകാപരമായ
പരിസ്ഥിതി സംരക്ഷണ ഇടപെടലാണിതെന്ന് കലക്ടർ പറഞ്ഞു കുട്ടികളെ അഭിനന്ദിച്ചു.
അധ്യാപകരായ പി.കെ.അബ്ദുറഹ്മാൻ, വി.ടി.ഐശ്വര്യ,വി.പി.സരിത,വിദ്യാർത്ഥികളായ
എസ്.അദ്വിത എ.എസ്.ശ്രിയ,റെന ഫാത്തിമ,എ.കെ.അനുഷ്ക,മെഹക് നൗറീൻ,
അൻവി ജി.എസ്, ഐസ മറിയം , മുഹമ്മദ്‌ സെഹറാൻ എന്നിവർ സംബന്ധിച്ചു.
‘അക്ഷരപ്പച്ച’ പദ്ധതിയുടെ ഭാഗമായി നൂറ് കണക്കിന് പേപ്പർ പേനകൾ നിർമ്മിച്ച് സൗജന്യമായി സ്കൂൾ പ്രദേശത്തെ വീടുകളിലും, സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തിരുന്നു.
സ്കൂളിൽ അതിഥികളായെത്തുന്നവരെ പേപ്പർ പേനകൾ ഉപയോഗിച്ചാണ് കുട്ടികൾ സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ വർഷം പെൻ ബോക്സ് ചാലഞ്ച് നടത്തി മുന്നൂറിലധികം ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പരിസ്ഥിതിയെ സംരക്ഷിക്കാനായി അക്ഷരപ്പച്ചയ്ക്ക് തുടക്കം കുറിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe