കോഴിക്കോട് കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്. വെള്ളിപ്പറമ്പ് ഉമ്മളത്തൂര്‍ താഴം പൊങ്ങുഴിപറമ്പ് ലൂണാറ വീട്ടില്‍ സൗദാമിനിയെ (75) ആണ് രക്ഷപ്പെടുത്തിയത്. 30 അടി താഴ്ചയും ആറ് അടി വെള്ളവുമുള്ള കിണറ്റില്‍ ആണ് വയോധിക വീണത്.
സീനിയര്‍ ഫയര്‍ & റെസ്ക്യൂ ഓഫീസര്‍ എന്‍ ബിനീഷിന്റെ നേതൃത്വത്തില്‍ വെള്ളിമാട്കുന്ന് നിന്നെത്തിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയര്‍ & റെസ്ക്യൂ ഓഫീസര്‍ എം നിഖില്‍ ആണ് കിണറ്റിൽ ഇറങ്ങി വയോധികയെ രക്ഷപ്പെടുത്തിയത്. റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് വയോധികയേയും രക്ഷിക്കാനിറങ്ങിയ സനൂപ് എന്ന യുവാവിനെയും സേനാംഗങ്ങളുടെ സഹായത്താല്‍ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.അവശയായ വയോധികയെ സേനയുടെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ ഉറപ്പാക്കി. ഫയര്‍ & റെസ്ക്യൂ ഓഫീസര്‍ അനീഷ് കുമാര്‍, മഹേഷ് ടി പി, സിന്തില്‍ കുമാര്‍, ജമാലുദീന്, കൃഷ്ണമുരളി, കിരണ്‍ നാരായണന്, ഹോം ഗാര്‍ഡ് വിജയന്, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ഷമീര്‍, വിനീത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.