കേരളത്തില്‍ എത്തുന്ന മെസിപ്പടക്ക് എതിരാളി കങ്കാരുക്കള്‍; കൊച്ചിയില്‍ അര്‍ജന്റീന- ഓസീസ് പോരാട്ടം

news image
Sep 23, 2025, 7:05 am GMT+0000 payyolionline.in

കേരളത്തിൽ പന്ത് തട്ടാനെത്തുന്ന അർജൻ്റീനക്ക് എതിരാളി ഓസ്‌ട്രേലിയൻ ദേശീയ ഫുട്ബോൾ ടീം. കൊച്ചിയിലെ സൗഹൃദ മത്സരത്തില്‍ കങ്കാരുപ്പടയുമായി മെസിപ്പട കൊമ്പുകോർക്കും. മത്സരകാര്യത്തിൽ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. അതേസമയം, അര്‍ജന്റീന ടീം മാനേജര്‍ ഡാനിയല്‍ പബ്രേര ഇന്ന് കൊച്ചിയിലെത്തും.

ഉച്ചയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. കൊച്ചിയിലെ ഹോളി ഡേ ഇന്‍ ഹോട്ടലില്‍ കായികമന്ത്രി വി അബ്ദുറഹിമാനുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് രണ്ടരയോടെ മന്ത്രിയോടൊപ്പം കലൂര്‍ സ്റ്റേഡിയം സന്ദര്‍ശിക്കും.

 

നവംബര്‍ 15-ന് അര്‍ജന്റീന ടീം കൊച്ചിയിൽ എത്തുമെന്നാണ് പ്രതീക്ഷ. നവംബര്‍ 15-നും 18-നും ഇടയിലാകും മത്സരം. മെസിയും സംഘവും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഓഗസ്റ്റിൽ സ്ഥിരീകരിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ടീം വരുന്ന കാര്യം സ്ഥിരീകരിച്ചിരുന്നത്. നിരവധി പേരാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരുന്നത്. മലയാളത്തില്‍ ആണ് കൂടുതല്‍ കമന്റുകളും നിറഞ്ഞിരിക്കുന്നത്. ഹബീബി, വെല്‍കം ടു കേരള, മെസി വെല്‍കം ടു കേരള അങ്ങനെ നിരവധി കമന്റുകള്‍ കാണാമായിരുന്നു. കേരളത്തിൽ പതിറ്റാണ്ടുകളായി ശക്തമായ ഫാൻ ബേസുള്ള ടീമാണ് അർജൻ്റീന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe