ബംഗളൂരുവിൽ, സാരി മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു സാരിക്കട ഉടമയും ജീവനക്കാരും ഒരു സ്ത്രീയെ ക്രൂരമായി മർദിച്ചു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമയും ജീവനക്കാരും സ്ത്രീയെ മർദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.വിഡിയോയിൽ ഒരു കടയുടെ മുന്നിൽ അബോധാവസ്ഥയിൽ ഇരിക്കുന്ന ഒരു സ്ത്രീയെ കടക്കാരൻ അവരുടെ കൈയിൽ പിടിച്ച് റോഡിലേക്ക് വലിച്ചിഴച്ചു കൊണ്ടുവരുന്നതും, തുടർന്ന് അയാൾ അവളുടെ പിന്നിൽ നിന്ന് ശക്തമായി ചവിട്ടുകയും നിലത്തേക്ക് വീണ അവരെ പ്രതി ദേഹത്ത് ചവിട്ടുകയും ചെരിപ്പ്കൊണ്ട് അടിക്കുന്നതും കാണാവുന്നതാണ്
കടയുടമ ഷൂസ് ധരിച്ചിരുന്നു. അയാൾ സ്ത്രീയെ വീണ്ടും വലിച്ചിഴച്ച് ഇടിക്കുകയും തുടർന്ന് നെഞ്ചിൽ രണ്ടുതവണ ചവിട്ടുകയും ചെയ്തു. സ്ത്രീ സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. ചിലർ ഫോണിൽ വിഡിയോ പകർത്തുന്നതും കാണാം.ബംഗളൂരുവിലെ അവന്യൂ റോഡിലാണ് സംഭവം നടന്നത്. മായ സിൽക്ക് സാരി സ്റ്റോറിന്റെ ഉടമയായ ഉമേദ് റാം തന്റെ കടയിൽ നിന്ന് 61 സാരികളടങ്ങിയ ഒരു കെട്ട് ഇവർ മോഷ്ടിച്ചതായി ആരോപിച്ചു. സാരികളുടെ വില 91,500 രൂപ വരുമെന്നാണ് കടയുടമ പറയുന്നത്.
സിസിടി.വി ദൃശ്യങ്ങളിൽനിന്ന് സ്ത്രീ ഒരു കെട്ട് സാരിയുമായി കൊണ്ടുപോകുന്നത് കണ്ടിരുന്നു. അടുത്ത ദിവസം അവൾ അതേ സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ, കടയുടമയും ജീവനക്കാരും അവളെ പിടികൂടി ആക്രമിക്കുകയായിരുന്നു.സ്ത്രീയെ കടയുടമ തെരുവിലൂടെ വലിച്ചിഴച്ച് ആവർത്തിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിന്റെ വീഡിയോ സംഭവസ്ഥലത്തുണ്ടായിരുന്നവർ പകർത്തി. കടയുടമ ഇരുമ്പ് വടി ഉപയോഗിച്ച് സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ആളുകൾ തടഞ്ഞു.
തുടക്കത്തിൽ, കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ത്രീക്കെതിരെ മോഷണക്കുറ്റം ചുമത്തി ജയിലിലേക്ക് അയച്ചു. മോഷ്ടിച്ച സാരികളിൽ ചിലത് അവരിൽ നിന്ന് കണ്ടെടുത്തു. എന്നിരുന്നാലും, അവളെ ആക്രമിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെ പൊതുജന രോഷം പൊട്ടിപ്പുറപ്പെട്ടു.കന്നഡ അനുകൂല പ്രവർത്തകർ പൊലീസിന്റെ അനാസ്ഥ ആരോപിച്ച് അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ബഹളത്തെത്തുടർന്ന്, ബംഗളൂരു പൊലീസ് കടയുടമയെയും ജീവനക്കാരെയും ആക്രമണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.