കുറ്റ്യാടി: ടൗണിൽ ദിവസവും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് കാരണം യാത്രക്കാർ വലയുന്നു. ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ അധികൃതർ നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കോടികൾ മുടക്കി പരിഷ്കരണം നടത്തിയ ടൗണിലാണ് ഗതാഗതക്കുരുക്ക്. കഴിഞ്ഞ വർഷം 2 കോടിയോളം രൂപ ചെലവഴിച്ചാണ് അഴുക്കുചാൽ പുതുക്കിപ്പണിത് സംരക്ഷണ വേലി സ്ഥാപിച്ച് ടൗൺ മോടികൂട്ടിയത്.
എന്നാൽ വയനാട് റോഡിൽ അഴുക്കുചാൽ പുതുക്കിപ്പണിതപ്പോൾ നടപ്പാത വീതി കൂട്ടുകയും റോഡിന് വീതി കുറയുകയും ചെയ്തു. ഇതോടെ വയനാട് റോഡിലേക്ക് തിരിയുന്ന ഭാഗത്തെ റോഡിന്റെ അവസ്ഥ കുപ്പിക്കഴുത്തു പോലെയായി. ഇവിടെ വാഹനങ്ങൾ വേഗം തിരിഞ്ഞു പോകാൻ കഴിയാത്തതാണ് ടൗണിൽ വലിയ ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. നടപ്പാത വീതി കൂട്ടുന്ന സമയത്ത് ഇക്കാര്യം പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല.
റോഡിന്റെ ഇരുഭാഗത്തും ഓട്ടോ പോകാൻ പറ്റുന്ന സൗകര്യത്തിലുള്ള നടപ്പാതയാണുള്ളത്. ഇത് അൽപം വീതി കുറച്ചാൽ തന്നെ താൽക്കാലികമായി ഗതാഗതക്കുരുക്കിനു പരിഹാരം കാണാം.കണ്ണൂർ, കോഴിക്കോട്, വയനാട്, മൈസൂരു, മരുതോങ്കര ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളാണ് കുറ്റ്യാടി ടൗൺ ജംക്‌ഷനിൽ എത്തുന്നത്. നിലവിൽ ഈ കവലയിൽ കുരുങ്ങുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസും ഹോംഗാർഡും പ്രയാസപ്പെടുകയാണ്.
ആംബുലൻസുകളും ഗതാഗതക്കുരുക്കിൽപെടാറുണ്ട്. താമരശ്ശേരി ചുരം വഴി വയനാട്ടിൽ പോകുന്ന വാഹനങ്ങൾ ചുരത്തിൽ കുരുക്ക് ഉണ്ടാകുമ്പോഴെല്ലാം കുറ്റ്യാടി വഴിയാണ് പോകുന്നത്. ഈ ഭാഗങ്ങളിൽ നിന്നു കൂടി വാഹനങ്ങൾ എത്തുമ്പോൾ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീളുന്ന സ്ഥിതിയാണ്. വടകര റോഡിൽ നിന്നു കോഴിക്കോട് പോകാനുള്ള പാകത്തിൽ ബൈപാസ് റോഡ് പണി പുരോഗമിക്കുന്നുണ്ട്.
ഇതോടൊപ്പം തന്നെ തൊട്ടിൽപാലം റോഡിൽ നിന്നും ഓത്തിയോട്ട് പാലം വഴി കരണ്ടോട് എത്തിച്ചേരുന്ന ബൈപാസ് യാഥാർഥ്യമാക്കുകയും കുറ്റ്യാടി ടൗൺ ജംക്‌ഷൻ വീതി കൂട്ടുകയും ചെയ്താൽ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഇതിന് ബന്ധപ്പെട്ട അധികാരികൾ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.