കോട്ടയം: കേരളത്തിൽ ഏറ്റവും കൂടുതൽ ജീവൻ അപഹരിക്കുന്ന ജന്തുജന്യരോഗമായ എലിപ്പനിയുടെ പ്രധാന പ്രഭവകേന്ദ്രങ്ങളിലൊന്നായി വേമ്പനാട് കായലും സമീപപ്രദേശങ്ങളും മാറുന്നതായി പഠനം.
കായലിലെ ജലത്തിൽ വർഷം മുഴുവനും എലിപ്പനിക്ക് കാരണമാകുന്ന ലെപ്റ്റോസ്പൈറ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും വെള്ളപ്പൊക്കം പോലുള്ള അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങൾ രോഗം മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും പഠനം പറയുന്നു.
‘വാട്ടർ-എയർ-ആൻഡ് സോയിൽ പൊല്യൂഷൻ’ എന്ന സ്പ്രിങ്കർ ജേണലിലിൽ പ്രസിദ്ധീകരിച്ച സി.എസ്.ഐ.ആർ-നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി കൊച്ചി റീജനൽ സെന്റർ, നാൻസൻ എൻവയൺമെന്റൽ റിസർച്ച് സെന്റർ ഉൾപ്പെടെ സ്ഥാപനങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകൾ. വേമ്പനാട് കായലിലെ 13 കേന്ദ്രങ്ങളിൽ നിന്ന് 12 മാസക്കാലയളവിൽ ഏകദേശം 20 ദിവസത്തെ ഇടവേളകളിൽ വിശകലനത്തിനായി ജല സാമ്പിളുകൾ ശേഖരിച്ചു.
കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിച്ച പഠനം എലിപ്പനി കേസുകളിൽ ഏതാണ്ട് പകുതിയും റിപ്പോർട്ട് ചെയ്തത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലത്താണ് എന്ന് കണ്ടെത്തി. മഴയുടെ അളവും രോഗബാധയും തമ്മിൽ ശക്തമായ ബന്ധം പഠനം കണ്ടെത്തിയ പഠനം 2018ലെ പ്രളയം കഴിഞ്ഞുള്ള മാസം എലിപ്പനി കേസുകളുടെ എണ്ണം ഏഴ് മടങ്ങ് വർധിച്ചതായി പറയുന്നു.
കഴിഞ്ഞ 50 വർഷത്തിനിടെ കായലിന് ചുറ്റുമുള്ള നിർമിത പ്രദേശങ്ങൾ 150 ശതമാനത്തോളം വർധിച്ചത് വെള്ളം ഒഴുകിപ്പോകാനുള്ള സ്ഥലം കുറച്ചു. ഇത് വെള്ളപ്പൊക്ക സാധ്യതയും രോഗാണു വ്യാപന സാധ്യതയും കൂട്ടി.
ജന്തുക്കളുടെ വിസർജ്യത്തിലൂടെ പരിസ്ഥിതിയിലെത്തുന്ന ലെപ്റ്റോസ്പൈറ ബാക്ടീരിയ, വെള്ളപ്പൊക്ക സമയത്ത് മനുഷ്യരുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. അതിനാൽ രോഗപ്രതിരോധത്തിനായി സമഗ്രമായ വെള്ളപ്പൊക്ക നിയന്ത്രണം, മാലിന്യജല സംസ്കരണ രീതികൾ മെച്ചപ്പെടുത്തൽ, തണ്ണീർത്തടങ്ങൾ കേന്ദ്രീകരിച്ചുള്ള രോഗാണു നിരീക്ഷണം, ബോധവത്കരണം എന്നിവ ഉൾപ്പെട്ട ബഹുമുഖ സമീപനം അനിവാര്യമാണെന്ന് ഗവേഷകർ നിർദേശിക്കുന്നു.
കേരളത്തിൽ എലിപ്പനി മരണം കൂടുന്നു
കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം കേരളത്തിൽ 35 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ആഗസ്റ്റിൽ അത് 32 ആയിരുന്നു. ഈ വർഷം ഇതുവരെ 162 എലിപ്പനി മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 126 പേരുടെ മരണം എലിപ്പനി ബാധ മൂലമാണെന്ന് സംശയവുമുണ്ട്. 2526 പേർക്കാണ് ഈ വർഷം രോഗം സ്ഥിരീകരിച്ചത്