തിരുവനന്തപുരം: കഫ് സിറപ്പ് ഉപയോഗിക്കുന്നതിൽ നിബന്ധനകള്‍ കര്‍ശനമാക്കി കേരളം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നൽകരുതെന്നാണ് നിര്‍ദേശം. കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെയും നിയോഗിച്ചു. സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര്, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകുക. കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാര്‍ഗരേഖയും പുറത്തിറക്കും. ഡോക്ടറുടെ പഴയ കുറിപ്പടി വെച്ചും കുട്ടികള്‍ക്കുള്ള മരുന്ന് നല്‍കരുതെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്കി. മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്കിടയാക്കിയ കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന തടയുന്നതിനും പരിശോധ ശക്തമാക്കാനുമായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം.
ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ഡ്രഗ് കൺട്രോൾ വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപമായി നടത്തിയ പരിശോധനയിൽ കോൾഡ്രിഫിന്റെ 170 ബോട്ടിലുകൾ കണ്ടെടുത്തിരുന്നു. 52 സാമ്പിളുകളാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുന്നത്. അനുവദനീയമായതിലും കൂടുതൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. കൂടുതൽ സാമ്പിളുകൾ ശേഖരിച്ചും പരിശോധന തുടരും. രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് കഫ് സിറപ്പ് നൽകരുതെന്ന് കർശന നിർദ്ദേശം നൽകി ഡ്രഗ് കൺട്രോളർ മരുന്ന് വ്യാപാരികൾക്കും ഫാർമസിസ്റ്റുകൾക്കും സർക്കുലർ അയച്ചിരുന്നു. മരുന്ന് കുറിപ്പടിയില്ലാതെ കഫ് സിറപ്പ് നൽകരുതെന്ന നിർദ്ദേശവുമുണ്ട്. ഇക്കാര്യങ്ങൾ ഉറപ്പാക്കാനായി സംസ്ഥാനത്ത് കർശന നിരീക്ഷണം ഉറപ്പാക്കുാനും തീരുമാനമുണ്ട്.