ദേശീയപാത നിർമാണം: കുഞ്ഞിപ്പള്ളിയിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതായി പരാതി

news image
Oct 14, 2025, 6:43 am GMT+0000 payyolionline.in

വടകര∙ ദേശീയപാത നിർമാണം നടക്കുന്ന അഴിയൂർ കുഞ്ഞിപ്പള്ളിയിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതായി പരാതി. കുഞ്ഞിപ്പള്ളി ജുമ മസ്ജിദും അങ്ങാടിയും രണ്ടായി വിഭജിക്കപ്പെട്ട അവസ്ഥയാണ്.  അടിപ്പാതയ്ക്ക് സമമായി മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തിയാണ് നടക്കുന്നത്. കുഞ്ഞിപ്പള്ളിക്ക് മുന്നിൽ 20 മീറ്ററോളം ഉയരം പ്രതീക്ഷിക്കുന്നു. കിഴക്കും പടിഞ്ഞാറുമായി ബന്ധപ്പെടാൻ കണ്ണൂർ വിമാനത്താവളത്തിലേക്ക് കൂടിയുള്ള മോന്താൽ കടവ് റോഡിന് സമാന്തരമായി നിർമിച്ച അടിപ്പാത വഴി 400 മീറ്ററോളം സഞ്ചരിക്കണം.

മോന്താൽക്കടവ് ഭാഗത്തു നിന്ന് എത്തുന്നവർ ബസ് ഇറങ്ങി, മേൽപാലം വന്നതോടെ അടച്ചു പൂട്ടിയ റെയിൽവേ ക്രോസിലൂടെ കടന്നാണ് ദേശീയപാതയുമായി ബന്ധപ്പെടുന്നത്. കണ്ണൂർ ഭാഗത്തേക്ക് പോകുന്നവർ വീണ്ടും സർവീസ് റോഡ് വഴി പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കണം. റോഡിന് കിഴക്ക് പൊലീസ് സ്റ്റേഷൻ, കൃഷി ഓഫിസ്, ഹെൽത്ത് സെന്റർ, വ്യാപാര സ്ഥാപനങ്ങൾ, പടിഞ്ഞാറ് ബസ് കാത്തിരിപ്പു കേന്ദ്രം, സ്കൂൾ, കോളജ്, മദ്രസ എന്നിവയും കുഞ്ഞിപ്പള്ളിയുമാണ് ഉള്ളത്.

കുഞ്ഞിപ്പള്ളിയിൽ എലിവേറ്റഡ് ഹൈവേ ആണ് നിർമിക്കുക എന്നാണ് ആദ്യം പറഞ്ഞിരുന്നത്. അതുപ്രകാരം 150 മീറ്റർ അകലെ അടിപ്പാത നിർമിക്കുമ്പോൾ എതിർ അഭിപ്രായം ഉയർന്നില്ല. കലക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, നടപ്പാത പണിയേണ്ട ആവശ്യകത അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഗൗരവമായി കണ്ടില്ല.  അടിപ്പാത പൂർത്തിയായി അതിന് സമമായി റോഡിന്റെ പണി ആരംഭിച്ചതോടെയാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നത്. അടച്ചു പൂട്ടിയ റെയി‍ൽവേ ക്രോസിങ്ങിൽ അടിപ്പാത എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe