വടകര∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഗർഡർ സ്ഥാപിക്കുന്നത് വീണ്ടും മുടങ്ങുന്നു. ക്രെയിൻ ഉപയോഗിച്ച് ഗർഡർ സ്ഥാപിക്കുന്ന കമ്പനിയും പാത നിർമാണ കമ്പനിയും തമ്മിലുള്ള ഉടക്കിനെ തുടർന്നാണിത്. എറണാകുളം കേന്ദ്രമായുള്ള ക്രെയിൻ കമ്പനിക്ക് പ്രവൃത്തി ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നില്ലെന്നാണ് പരാതി. ഇതു കാരണം ദിവസം 4 ഗർഡർ സ്ഥാപിക്കേണ്ട സ്ഥാനത്ത് പലപ്പോഴും 2 എണ്ണമേ സ്ഥാപിക്കുന്നുള്ളു. ചുരുങ്ങിയ ദിവസം മാത്രമേ 4 എണ്ണം സ്ഥാപിച്ചിട്ടുള്ളൂ. പല ദിവസവും പ്രവൃത്തി മുടങ്ങി.
ഈ നില തുടർന്നാൽ പണി നിർത്തുമെന്ന് അറിയിച്ച ക്രെയിൻ കമ്പനി മടങ്ങാനുള്ള ഒരുക്കത്തിലാണ്. അദാനി ഗ്രൂപ്പ് കരാറെടുത്ത പാത നിർമാണം വാഗാഡ് ഗ്രൂപ്പിന് ഉപ കരാർ നൽകുകയായിരുന്നു. ഗർഡർ സ്ഥാപിക്കൽ കരാറെടുത്ത കമ്പനിക്ക് പണി നടത്താനുള്ള സൗകര്യം ഒരുക്കേണ്ടത് അദാനി ഗ്രൂപ്പാണ്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളാൽ പല ദിവസവും പണി വേഗത്തിൽ നടക്കുന്നില്ല. സെപ്റ്റംബർ 2ന് ആണ് ഗർഡർ സ്ഥാപിക്കുന്ന സ്ഥലത്തെ പണി തുടങ്ങിയത്. ഇതിനു തൊട്ടു മുൻപ് ഗർഡർ ഇട്ടപ്പോൾ ഉറപ്പിച്ചു നിർത്താനുള്ള ദ്വാരത്തിന് വേണ്ടത്ര ആഴം ഇല്ലാത്തതു കൊണ്ട് കുറെ ദിവസം പണി മുടങ്ങിയിരുന്നു. അതിനു ശേഷം പില്ലറുകളുടെ മുകളിലെ ദ്വാരത്തിന്റെ ആഴം കൂട്ടാൻ മെഷീൻ കൊണ്ട് പൊട്ടിക്കുകയായിരുന്നു.