ചെന്നൈ ∙ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ മൈലാപ്പുരിലെ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയിൽ സന്ദേശം ചെന്നൈയിൽ സുരക്ഷാ ഭീതി പരത്തി. ഇന്നലെ രാത്രിയോടെ പൊലീസ് സംഘം സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. സമഗ്രമായ പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഭീഷണി വ്യാജമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് സ്ഥിരീകരിച്ചു.
ഇന്നലെ വൈകിട്ട് സിറ്റി പൊലീസ് സ്റ്റേഷനിലാണ് ഇമെയിൽ സന്ദേശം എത്തിയത്. മൈലാപ്പുരിലെ വീട് കുറച്ചുകാലമായി അടച്ചിട്ടിരിക്കുകയാണ്. സി.പി. രാധാകൃഷ്ണന്റെ പോയസ് ഗാർഡനിലെ വസതിയിലും പൊലീസ് സംഘം പരിശോധന നടത്തി. ചെന്നൈയിലെ വിഐപികൾ, സ്കൂളുകൾ, മാധ്യമസ്ഥാപനങ്ങൾ, ഐടി കമ്പനികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ ലക്ഷ്യമിട്ട് ബോംബ് ഭീഷണി വർധിക്കുന്നതിനിടെയാണ് ഉപരാഷ്ട്രപതിയുടെ വസതിയിലേക്കും ഭീഷണി സന്ദേശം എത്തിയത്.
അടുത്തിടെ, നടനും ടിവികെ നേതാവുമായ വിജയ്ക്ക് ഇത്തരത്തിൽ രണ്ട് ഇമെയിൽ ഭീഷണികൾ ലഭിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഒരു കേസിൽ, വ്യാജ മെയിൽ അയച്ചതിന് ഹോട്ടൽ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.