മീനങ്ങാടി: ദേശീയപാതയിൽ മീനങ്ങാടിക്ക് സമീപം നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരുകോടി മുപ്പത്തിആറ് ലക്ഷത്തി ഒമ്പതിനായിരം രൂപ കണ്ടെടുത്തു. വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ മേൽനോട്ടത്തിൽ സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിലും സംഘവും എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബാബുരാജും സംഘവും സംയുക്തമായി ഞായറാഴ്ച പുലർച്ചെ മൂന്നിനാണ് പണം പിടികൂടിയത്.
ബംഗളുരുവിൽനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കർണാടക ആർ.ടിസിയുടെ സ്ലീപ്പർ ബസ്സിലെ യാത്രക്കാരനായിരുന്ന മലപ്പുറം തിരൂരങ്ങാടി വള്ളിക്കുന്ന് സ്വദേശി അബ്ദുൽ റസാക്കിൽ നിന്നാണ് പണം പിടികൂടിയത്. പണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട യാതൊരു രേഖകളും കൈവശമുണ്ടായിരുന്നില്ല. എക്സൈസ് വകുപ്പ് സംസ്ഥാനതലത്തിൽ നടത്തിയ വാഹന പരിശോധനയുടെ ഭാഗമായ പരിശോധനയിലാണ് പണം പിടികൂടിയത്.
അസി. എക്സൈസ് ഇൻസ്പെക്ടർ എം.ബി. ഹരിദാസ്, പ്രിവന്‍റീവ് ഓഫിസർ കെ.വി. പ്രകാശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ വി.ബി. നിഷാദ്, എം.ടി. അമൽ തോമസ്, എം.എം. ബിനു, കെ. അജ്മൽ, വനിത സിവിൽ എക്‌സൈസ് ഓഫിസർ പി.എം. സിനി, പ്രിവന്റിവ് ഓഫിസർ ഡ്രൈവർ കെ.കെ. ബാലചന്ദ്രൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. പിടികൂടിയ തുക ആദായനികുതി വകുപ്പിന് കൈമാറുമെന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ എ.ജെ. ഷാജി അറിയിച്ചു.
