ശബരിമല സ്വർണ്ണ മോഷണ കേസിൽ പ്രതി പട്ടികയിലെ കൂടുതൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥയിലേക്ക് കടന്ന് പ്രത്യേക അന്വേഷണ സംഘം. 2019ൽ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന ജയശ്രീക്ക് എസ് ഐ ടി നോട്ടീസ് അയച്ചു. ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിൽ ആയതിനാൽ എപ്പോൾ ഹാജരാകാൻ പറ്റുമെന്നത് വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ നിർദ്ദേശം.
അതേസമയം, കട്ടിളപ്പാളി കേസിൽ കസ്റ്റഡിയിൽ വിട്ട മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് പ്രത്യേക അന്വേഷണസംഘം കൂടുതൽ ചോദ്യം ചെയ്യും. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമാർ, തിരുവാഭരണ കമ്മീഷണർമാർ എന്നിവരിൽ നിന്നും സമാന്തരമായി എസ് ഐ ടി മൊഴികൾ ശേഖരിക്കുന്നുണ്ട്.
അതേസമയം, കേസിൽ പോറ്റിക്കെതിരെ കൂടുതൽ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് എസ്ഐടി കസ്റ്റഡി റിപ്പോർട്ടിൽ പറഞ്ഞു. പോറ്റി മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും കണ്ടെത്തി. കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു. പാളികൾ ചെന്നൈയിലെത്തിച്ചാണ് സ്വർണം വേർതിരിച്ചത്. ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
