തൃശ്ശൂര്‍: കൊടും കുറ്റവാളിയും കുപ്രസിദ്ധ മോഷ്ടാവുമായ ബാലമുരുകനായുള്ള തിരച്ചില്‍ തുടര്‍ന്ന് പൊലീസ്. ഇന്നലെ രാത്രിമുതല്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും ഇയാളെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. വിയ്യൂര്‍ ജയിലിലെത്തിക്കും വഴി തമിഴ് നാട് പൊലീസിന്റെ കൈയ്യില്‍ നിന്നാണ് ബാലമുരുകൻ ഓടിരക്ഷപെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. രാത്രിയില്‍ തെരച്ചില്‍ നടത്തിയ കേരള പൊലീസിന്റെ മുന്നില്‍ പെട്ടെങ്കിലും ചതുപ്പ് പാടം കടന്ന് പ്രതി കടന്നുകളഞ്ഞു. നേരത്തെ രണ്ടു തവണ തടവു ചാടിയ ബാലമുരുകനെ കൊണ്ടുവന്നത് മതിയായ സുരക്ഷയൊരുക്കാതെയെന്ന ആക്ഷേപവും വിമർശനവും ഉയരുന്നുണ്ട്.
കൊലപാതകമടക്കം 53 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബാലമുരുകന് ഇന്നലെ രാത്രി 9.40 ഓടെയാണ് വിയ്യൂര്‍ ജയിലിന് മുന്നിലെ പെട്രോള്‍ പമ്പിന് സമീപത്തുനിന്നും തമിഴ് നാട് പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞത്. ബന്ദല്‍കുടി എസ്ഐ നാഗരാജനും രണ്ടു പൊലീസുകാരും ഇന്നലെ കോടതിയില്‍ ഹാജരാക്കിയശേഷം രാത്രി ഒമ്പതേ മുക്കാലോടെ വിയ്യൂരെത്തിക്കുകയായിരുന്നു. ജയിലിലേക്ക് കയറുന്നതിന് മുമ്പ് മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതോടെ വഴിയരികില്‍ വണ്ടി നിര്‍ത്തി. തുടര്‍ന്ന് ഇയാൾ ഓടിപ്പോവുകയായിരുന്നു.
ആദ്യം ജയില്‍ വളപ്പിലെ മതിൽ ചാടി പച്ചക്കറി കൃഷി സ്ഥലത്തേക്കാണ് ബാലമുരുകൻ പോയത് . തമിഴ്നാട് പൊലീസ് സംഘം അവിടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു മണിക്കൂർ വൈകിയാണ് ഇവർ വിയൂർ പൊലീസിൽ വിവരം അറിയിച്ചത്. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം വൻ പൊലീസ് സനാഹം വിയൂർ പ്രദേശത്ത് അരിച്ചു പെറുക്കി . ജയിലിന് എതിർവശത്തുള്ള ഹൗസിംഗ് കോളനിയുടെ ഭാഗത്ത് പുലർച്ചെ മൂന്നുമണിയോടെ പ്രതിയെ കണ്ടെങ്കിലും ചതിപ്പു നിറഞ്ഞ പാടശേഖരത്തിലേക്ക് ഓടി രക്ഷപ്പെട്ടു. പ്രതി രക്ഷപ്പെട്ട സംഭവത്തിൽ മൂന്ന് തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും വിയൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിലും സമാനരീതിയിൽ ബാലമുരുകൻ രക്ഷപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ തെളിവെടുപ്പ് നടത്തി തിരിച്ച് ജയിലിലേക്ക് കൊണ്ടുവരും വഴി വിയൂർ ജയിലിന്റെ തൊട്ടടുത്തു വച്ചാണ് പൊലീസ് വാനിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടത്. പാമ്പൂർ മേഖലയിലെ ഒരു വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ചാണ് കോയമ്പത്തൂർ ഭാഗത്തേക്ക് ഇയാൾ കടന്നുകളഞ്ഞത്. പിന്നീടിയാളെ വിയൂർ പൊലീസ് പിടികൂടി ജയിലിൽ എത്തിക്കുകയായിരുന്നു. 2023 ല്‍ മറയൂരിൽ നടത്തിയ മോഷണത്തെ തുടർന്നാണ് ബാലമുരുകനെ വിയൂരിലേക്ക് മാറ്റിയത്. 2021 ൽ തമിഴ്നാട്ടിലെ കവച്ചയുമായി ബന്ധപ്പെട്ട കേരള പൊലീസ് തമിഴ്നാട് പൊലീസിന് മറയൂരിൽ നിന്ന് ഇയാളെ പിടിച്ചു നൽകിയിരുന്നു. ജയിൽ മോചിതനായതിനു ശേഷം പ്രതികാരം തീർക്കാൻ മറയൂരിൽ എത്തി തുടർ മോഷണങ്ങൾ നടത്തുകയായിരുന്നു ഇയാൾ.
