ഇന്റര്‍സിറ്റി ട്രെയിനില്‍ ഡിസംബര്‍ മൂന്ന് മുതല്‍ ടിക്കറ്റ് നിരക്ക് കുറയും

news image
Nov 5, 2025, 5:40 am GMT+0000 payyolionline.in

കെഎസ് ആർ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ഇന്റർസിറ്റി ട്രെയിനില്‍ ഡിസംബർ മൂന്ന് മുതല്‍ ടിക്കറ്റ് നിരക്ക് കുറയും.സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതല്‍ എക്സ‌്പ്രസാകുന്നതോടെയാണ് ടിക്കറ്റ് നിരക്കില്‍ മാറ്റം വരുന്നതെന്ന് റെയില്‍വേ അറിയിച്ചു.

നിലവില്‍ സെക്കൻഡ് സിറ്റിങ്ങിന് റിസർവേഷൻ ചാർജ് ഉള്‍പ്പെടെ എറണാകുളം-ബംഗളുരു റൂട്ടില്‍ 220 രൂപയും എസി ചെയർകാറിന് റിസർവേഷൻ ചാർജ് ഉള്‍പ്പെടെ 790 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ ഈ ട്രെയിൻ എക്സ്പ്രസ് ആയി മാറുന്നതോടെ സെക്കൻഡ് സിറ്റിങ്ങില്‍ 205 രൂപയും എ സി ചെയർകാറില്‍ 740 രൂപയുമായി നിരക്ക് കുറയും.

സമയക്രമത്തിലെ മാറ്റവും ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറില്‍ 55 കിലോമീറ്ററില്‍ താഴെ ആയതിനാലാണ് ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിയെ സൂപ്പർ ഫാസ്റ്റ് വിഭാഗത്തില്‍നിന്ന് എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റുന്നതെന്ന് റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു.

എക്സ്പ്രസ് സർവീസായി മാറുന്നതോടെ ബെംഗളൂരു- എറണാകുളം എക്സ്പ്രസിന്റെ 12677 എന്ന നമ്ബറിനു പകരം 16377 ആകും പുതിയ നമ്ബർ. എറണാകുളം – ബെംഗളൂരു എക്സ്പ്രസിന്റെ 12678 എന്ന നമ്ബർ 16378 ആകും.

നിലവില്‍ ബെംഗളുരുവില്‍നിന്ന് രാവിലെ 6.10ന് എടുക്കുന്ന ട്രെയിൻ വൈകിട്ട് 4.55ന് എറണാകുളത്ത് എത്തും. എറണാകുളത്തുനിന്ന് ട്രെയിൻ രാവിലെ 9.10ന് എടുത്ത് രാത്രി ഒമ്ബത് മണിയോടെ ബംഗളുരുവില്‍ എത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe