ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ തീരുമാനിച്ചു. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പ്രമേയം പാസാക്കി. എഐഎഡിഎംകെ സഖ്യ ശ്രമങ്ങൾ ടിവികെ തള്ളിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെയെന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. കരൂർ ദുരന്തത്തിന് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ടാണ്ട് ടിവികെയുടെ മുഖ്യമന്ത്രി പ്രഖ്യാപനം വന്നിരിക്കുന്നത്. ദുരന്തത്തിന് ശേഷം ടിവികെക്ക് തനിച്ച് നിലനില്‍പ്പ് ഇല്ലെന്ന നിരീക്ഷണങ്ങൾ വന്നിരുന്നു. പിന്നാലെയാണ് സഖ്യശ്രമങ്ങൾ എല്ലാം തന്നെ തള്ളിക്കൊണ്ട് ടിവികെയുടെ ഭാവികാര്യങ്ങൾ തീരുമാനിക്കുന്നതിന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന്‍റെ നിര്‍ണായക തീരുമാനമായാണ് വിജയ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നും സഖ്യം ഉൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കാൻ വിജയ്‌യെ ചുമതലപ്പെടുത്തിക്കൊണ്ടുമുള്ള തീരുമാനവും വന്നത്. ഇതോടെ 2026 ല്‍ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കും എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
കരൂർ ദുരന്തത്തിന് പിന്നാലെ നിർജീവമായിരുന്നു ടിവികെ. പിന്നാലെ 28അംഗ പുതിയ നിർവ്വാഹക സമിതി രൂപീകരിച്ചിരുന്നു. നിര്‍വാഹക സമിതി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ പ്രധാന യോഗമാണിത്. പാർട്ടി ഘടന ദുർബലമാണെന്നും സഖ്യം അനിവാര്യമാണെന്നും ഉള്ള വിലയിരുത്തലുകൾക്കിടെയാണ് യോഗം നടന്നത്.
