കോഴിക്കോട്: ആവശ്യത്തിനനുസരിച്ച് കിടത്തിച്ചികിത്സ സൗകര്യമില്ലാതെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളടക്കം കിടക്കുന്നത് നിലത്ത് വരാന്തയിൽ. മൂക്കിൽ ട്യൂബിട്ട് ഭക്ഷണം കൊടുക്കുന്ന രോഗികളും ഹൃദായാഘാതം അനുഭവപ്പെട്ട് എത്തുന്നവരുമടക്കം വരാന്തയിൽ കിടക്കേണ്ട അവസ്ഥയിലാണ്. മെഡിസിൻ വാർഡുകളുടെ വാരാന്തയിലാണ് കൂടുതൽ രോഗികൾ നിലത്തുകിടക്കുന്നത്. 30-33 കിടക്കകളാണ് ഒരു വാർഡിലുണ്ടാവുക. അതു കഴിഞ്ഞ് വാർഡുകളുടെ ഉള്ളിലുള്ള വരാന്തയിൽ അതിലേറെ പേർ കിടക്കും. അതും കഴിഞ്ഞ് പൊതുവരാന്തയും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
വിവിധ വാർഡുകളിലേക്കുള്ള രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരും ശുചീകരണ സാമഗ്രികളുമായി ശുചീകരണത്തൊഴിലാളികൾ വരെ ഇടതടവില്ലാതെ നടക്കുന്ന വരാന്തയുടെ നിലത്താണ് ഗുരുതരാവസ്ഥയിലുള്ള രോഗികൾ കിടക്കുന്നത്. ഇത് ഇവർക്ക് മറ്റ് അസുഖങ്ങൾകൂടി വരാൻ കാരണമാവുന്നു. പഴയ കാഷ്വാലിറ്റി പനി വാർഡായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മെഡിസിൻ വാർഡുകൾ നിറഞ്ഞുകവിയുകയാണ്. സർജറി, ഓർത്തോ തുടങ്ങിയ വാർഡുകൾക്കു പുറത്തും രോഗികൾ വരാന്തയിൽ നിലത്ത് പായ വിരിച്ച് കിടക്കുന്നുണ്ട്. ആശുപത്രിയിലെ കാന്‍റീന് മുന്നിൽ വരെ രോഗികൾ നിലത്തുകിടക്കുകയാണ്.
റഫറൽ സംവിധാനം കാര്യക്ഷമമല്ലാത്തതാണ് മെഡിക്കൽ കോളജുകളിൽ രോഗികൾ ഇത്തരത്തിൽ വർധിക്കാൻ ഇടയാക്കുന്നതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ രോഗികളാണ് ആശുപത്രിയിലെത്തുന്നത്. ജില്ല, താലൂക്ക് ആശുപത്രികളിൽനിന്ന് ഡോക്ടർമാർ റിസ്ക് ഒഴിവാക്കാൻ ഗുരുതരമല്ലാത്ത രോഗികളെയുംകൂടി മെഡിക്കൽ കോളജുകളിലേക്ക് റഫർ ചെയ്യുന്നതാണ് നിലവിലെ സ്ഥിതി. സ്പെഷലൈസ്ഡ് ഡോക്ടർമാരുള്ള സർക്കാർ ആശുപത്രികളിൽനിന്നുപോലും രോഗികളെ മാനദണ്ഡങ്ങൾ പാലിക്കാതെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നുണ്ട്.
സെക്കൻഡറി ആശുപത്രികൾ കൂടുതൽ ശക്തിപ്പെടുത്തിയാൽ മാത്രമേ ഇതിന് പരിഹാരമാവുകയുള്ളൂവെന്നും മെഡിക്കൽ കോളജിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾ നിലത്തുകിടക്കുന്നതിൽ മനുഷ്യാവകാശ കമീഷനടക്കം ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല.
