തീവണ്ടികളിൽ സുരക്ഷാ വീഴ്ച: കച്ചവടക്കാരും യാചകരും യാത്രക്കാരുടെ വിവരം കൈമാറുന്നതായി സംശയം; പകുതി ട്രെയിനുകൾക്കും പോലീസ് സുരക്ഷയില്ല

news image
Nov 6, 2025, 5:44 am GMT+0000 payyolionline.in

തിരുവനന്തപുരം: കച്ചവടക്കാരും യാചകരും തീവണ്ടികളിലെ യാത്രക്കാരുടെ വിവരങ്ങൾ കൈമാറുന്നവരാകാമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. സ്ഥിരം ശല്യക്കാരായവർക്ക് ഇത്തരക്കാരുടെ സഹായം ലഭിച്ചേക്കാമെന്ന് കോടതിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വനിതാ കംപാർട്ട്‌മെന്റും ജനറൽ കംപാർട്ട്‌മെന്റും തമ്മിൽ തടസ്സങ്ങളില്ലാതെ ബന്ധിപ്പിക്കണം. അടിയന്തരസഹായത്തിനുള്ള ടോൾഫ്രീ നമ്പർ, റെയിൽവേ പോലീസ് തുടങ്ങിയ സേവനങ്ങൾ ഉറപ്പാക്കണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച നിർദേശത്തിലുണ്ട്.

 

2021-ൽ മുളന്തുരുത്തിയിൽ ജനറൽ കംപാർട്ട്‌മെന്റിൽ വെച്ച് അക്രമിയിൽനിന്നു രക്ഷനേടാൻ യുവതി തീവണ്ടിയിൽനിന്നു ചാടിയ സംഭവത്തിലാണ് ഹൈക്കോടതി സ്വമേധയാ അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. ഹൈക്കോടതി അഭിഭാഷകയായ ആർ. ലീലയായിരുന്നു അമിക്കസ് ക്യൂറി.

സിസിടിവി, അലാം തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുമ്പോൾ അവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഡ്യൂട്ടിയിലുള്ള ആർപിഎഫ്, ജിആർപി ജീവനക്കാർ കംപാർട്ട്‌മെന്റുകളിൽ പരിശോധന നടത്തണം. റെയിൽവേ പോലീസിന്റെ പെരുമാറ്റം യാത്രക്കാരോടു സൗഹാർദപരമല്ല. ഇതു പരാതി നൽകുന്നതിൽനിന്ന്‌ ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട്. ബാഗുകൾ, മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ കാണാതാവുന്നതിൽ റെയിൽവേ പരിഗണന നൽകാറില്ലെന്നും 2021 ഓഗസ്റ്റിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

മറ്റു പ്രധാന നിർദേശങ്ങൾ

* സ്ഥിരം ശല്യക്കാരായവരുടെ ചിത്രം പ്രദർശിപ്പിക്കുന്നത് ആർപിഎഫിനും റെയിൽവേ പോലീസിനും വിവരം കൈമാറാൻ ബോഗിയിൽ യാത്രക്കാർക്കു സഹായകരമാകും

* ടിക്കറ്റില്ലാതെ പ്ലാറ്റ്‌ഫോമിലും തീവണ്ടിയിലും ആളുകൾ കയറുന്നില്ലെന്ന് ഉറപ്പാക്കുക

* സുരക്ഷാ സജ്ജീകരണങ്ങൾ കൂടുതലായി ഉൾപ്പെടുത്തി കോച്ചുകൾ നവീകരിക്കുക

* വനിതകളുടെ കംപാർട്ട്‌മെന്റിൽ കയറുന്നവർക്ക് 500 രൂപയാണ് റെയിൽവേ ആക്ട് പ്രകാരമുള്ള പിഴ. ഇത് വർധിപ്പിക്കുകയോ തടവുശിക്ഷ ഏർപ്പെടുത്തുകയോ ചെയ്യുക

* സ്ഥിരം ശല്യക്കാർക്ക് വിവരങ്ങൾ കൈമാറുന്ന യാചകർ, കച്ചവടക്കാർ, ടിക്കറ്റില്ലാത്ത യാത്രക്കാർ എന്നിവരെ തടയുക

* അടിയന്തര ടോൾഫ്രീ നമ്പരുകളായ 182, 139, 112 ഇന്ത്യാ മൊബൈൽ ആപ്പ് എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്കു ബോധവത്കരണം നൽകുക

* റെയിൽവേ സ്റ്റേഷനുകളിൽ സ്കൗട്ട് കെഡേറ്റ്, സ്റ്റുഡന്റ്‌സ് പോലീസ്, ഹോംഗാർഡ് എന്നിവരുടെ സേവനം നൽകുന്നത് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാൻ സാധിക്കും

* റെയിൽവേ പോലീസ് ജനമൈത്രീ പോലീസ് മാതൃകയിൽ യാത്രക്കാരോടു സൗഹാർദപരമായി ഇടപെടണം.

പകുതി തീവണ്ടികളിലും സുരക്ഷയ്ക്ക് പോലീസില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ പകുതിയോളം തീവണ്ടികളിലും യാത്രക്കാരുടെ സുരക്ഷയ്ക്ക് പോലീസ് സാന്നിധ്യമില്ല. ഒരോ തീവണ്ടിയിലും രണ്ടു പോലീസുകാരെ വീതം നിയോഗിക്കണമെന്ന വ്യവസ്ഥയാണ് ലംഘിക്കപ്പെടുന്നത്. ആവശ്യത്തിന് പോലീസുകാരെ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണെങ്കിലും സ്വീകരിക്കാൻ റെയിൽവേ തയ്യാറല്ല.

2011-ൽ വള്ളത്തോൾ നഗറിൽ യുവതി കൊല്ലപ്പെട്ടതിനു പിന്നാലെ ചേർന്ന ഉന്നതല യോഗതീരുമാന പ്രകാരം 200 പോലീസുകാരെ റെയിൽവേയിലേക്ക് നിയോഗിച്ചത് ഇനിയും അംഗീകരിച്ചിട്ടില്ല. റെയിൽവേയും സംസ്ഥാന പോലീസുമായുള്ള ധാരണപ്രകാരം റെയിൽവേ പോലീസിൽ നിയോഗിക്കുന്ന പോലീസുകാരുടെ പകുതിശമ്പളം റെയിൽവേ നൽകണം. 200 പോലീസുകാരുടെ നിയമനം റെയിൽവേ അംഗീകരിക്കുകയോ ശമ്പളവിഹിതം നൽകുകയോ ചെയ്തിട്ടില്ല. സുരക്ഷ ഒരുക്കിയതിന്റെപേരിൽ സംസ്ഥാന പോലീസിന് റെയിൽവേ 54.6 കോടി രൂപ കുടിശ്ശിക നൽകാനുമുണ്ട്.

200-ലധികം തീവണ്ടികളാണ് സംസ്ഥാനത്ത് ദിവസവും കടന്നുപോകുന്നത്. കന്യാകുമാരി മുതൽ കാസർകോടുവരെയുള്ള ഭാഗത്ത് ഒരു തീവണ്ടിയിൽ ഒരു ദിശയിലേക്ക് കുറഞ്ഞത് രണ്ടുപേർ വീതമുള്ള നാല് ഷിഫ്‌റ്റെങ്കിലും വേണം. 700 പോലീസുകാരാണ് റെയിൽവേ പോലീസിലുള്ളത്. ഇവരെക്കൊണ്ട് എല്ലാ തീവണ്ടികളിലും സുരക്ഷയൊരുക്കാൻ കഴിയില്ല.

പരിമിതികളിൽ റെയിൽവേ പോലീസ്

13 റെയിൽവേ പോലീസ് സ്റ്റേഷനുകളുള്ളതിൽ മൂന്നെണ്ണത്തിൽമാത്രമാണ് പോലീസുകാർക്ക് ആവശ്യമായ സൗകര്യങ്ങളുള്ളത്. ശേഷിക്കുന്നവയെല്ലാം പഴയ കെട്ടിടങ്ങളിലാണ്. പോലീസുകാർക്ക് പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം പോലുമില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് റെയിൽവേ ആയതിനാൽ സംസ്ഥാന പോലീസിന്റെ ഫണ്ട് വിനിയോഗിക്കാനും കഴിയില്ല.

രാത്രിനിരീക്ഷണം കർശനമാക്കും

കേരള എക്സ്പ്രസിൽ യാത്രക്കാരി ആക്രമിക്കപ്പെട്ടതിനു പിന്നാലെ, രാത്രികാല തീവണ്ടികളിലെ നിരീക്ഷണം കൂട്ടാൻ റെയിൽവേ പോലീസ് തീരുമാനിച്ചു. വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെ പരമാവധി പോലീസുകാരെ നിയോഗിച്ച് പട്രോളിങ് ശക്തമാക്കാനാണ് തീരുമാനം.

ക്യാമറയുണ്ട്, ലൈവല്ല

പുത്തൻതലമുറ കോച്ചുകളിൽ നിരീക്ഷണ ക്യാമറയുണ്ടെങ്കിലും ദൃശ്യങ്ങൾ തത്സമയം പരിശോധിക്കാനുള്ള സംവിധാനം വന്ദേഭാരതിൽ മാത്രമാണുള്ളത്. കേന്ദ്രിത കൺട്രോൾ റൂം സംവിധാനത്തിലേക്കാണ് വന്ദേഭാരതിലെ ദൃശ്യങ്ങൾ പോകുന്നത്. മറ്റു കോച്ചുകളിലെ ക്യാമറാ ദൃശ്യങ്ങൾ നേരിട്ട് ശേഖരിക്കേണ്ടിവരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe