പ്രണയാഭ്യർത്ഥന നിരസിച്ചതിൽ പക; തിരുവല്ലയിൽ സഹപാഠിയെ തീ കൊളുത്തി കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം

news image
Nov 6, 2025, 10:53 am GMT+0000 payyolionline.in

പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ സഹപാഠിയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ വച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു ആണ് പ്രതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ്  ശിക്ഷ വിധിച്ചത്. വിധിയിൽ തൃപ്തർ എന്ന് കവിതയുടെ കുടുംബം പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് കോടതി അഭിനന്ദനം അറിയിച്ചു.

2019 മാർച്ച് 12നു തിരുവല്ലയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്, അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കവിതയെ വഴിയിൽ തടഞ്ഞുനിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 70 ശതമാനത്തിൽ അധികം പൊള്ളലേറ്റ പെൺകുട്ടി, രണ്ടുനാൾ നീണ്ട ചികിത്സയ്ക്കൊടുവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചു. പ്രതി അജിൻ റെജി മാത്യുവിൻ്റെ കൈ കാലുകൾ കെട്ടി നാട്ടുകാർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe