കാരപ്പറമ്പ് ഹോമിയോ കോളജിലെ റാഗിങ്; നാലു വിദ്യാർഥികൾക്ക് സസ്പെൻഷൻ

news image
Nov 7, 2025, 5:38 am GMT+0000 payyolionline.in

കോഴിക്കോട്: കാരപ്പറമ്പ് ഹോമിയോ മെഡിക്കൽ കോളജിൽ ഒന്നാംവർഷ ബി.എച്ച്.എം.എസ് വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ നാല് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഒന്നാംവർഷ വിദ്യാർഥിയുടെ മാതാവ് നൽകിയ പരാതിയിൽ ചേർന്ന കോളജ് ആന്‍റി റാഗിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

നാലാം വർഷ ബി.എച്ച്.എം.എസ് വിദ്യാർഥികളായ ടി.കെ. സുഹൈൽഅലി, ബി. അഭിജിത്ത്, മൂന്നാംവർഷ വിദ്യാർഥി എം.വി. ഋഷികേഷ്, രണ്ടാംവർഷ വിദ്യാർഥി അഖിൽ റഹ്മാൻ എന്നിവരെയാണ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇവരെ കോളജ് ഹോസ്റ്റലിൽനിന്ന് ആജീവനാന്തം പുറത്താക്കുകയും ചെയ്തു. കോളജ് വിദ്യാർഥികളല്ലാത്തവർക്ക് ഹോസ്റ്റലിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കാനും തീരുമാനമായി.

അഖിൽ റഹ്മാൻ മതിയായ ഹാജരില്ലാതെ കോളജ് രജിസ്റ്ററിൽനിന്ന് റോൾഔട്ട് ചെയ്യപ്പെട്ടയാളാണ്. അനധികൃതമായാണ് ഇയാൾ കോളജിലും ഹോസ്റ്റലിലും തുടരുന്നത്. അഞ്ച് ഒന്നാംവർഷ വിദ്യാർഥികളെയാണ് മുതിർന്ന കുട്ടികൾ ഹോസ്റ്റൽ മുറിയിലേക്ക് വിളിച്ചുവരുത്തി റാഗിങ്ങിന് വിധേയരാക്കിയത്.

ഇവരിൽ രണ്ടുപേർ മാത്രമാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. മറ്റ് മൂന്നുപേരും വീട്ടിൽ പോയി വരുന്നവരാണ്. ഇവരെ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തുന്നത് ചട്ടവിരുദ്ധമാണ്. പരാതിക്കാരനായ വിദ്യാർഥി മാനസികനില വീണ്ടെടുക്കാത്തതിനാൽ വ്യാഴാഴ്ച കമ്മിറ്റി മുമ്പാകെ ഹാജരായിരുന്നില്ല. കുട്ടിയുടെ രക്ഷിതാക്കളാണ് ആന്‍റിറാഗിങ് കമ്മിറ്റി മുമ്പാകെ ഹാജരായത്. ആരോപണവിധേയരായ വിദ്യാർഥികളുടെ ഫോട്ടോ റാഗിങ്ങിന് വിധേയരായ മറ്റു നാലുപേരും തിരിച്ചറിഞ്ഞു. കോഴ്സ് കാലാവധി കഴിഞ്ഞിട്ടും പരീക്ഷ പാസാവാത്തതിന്‍റെ പേരിൽ വിദ്യാർഥികളെ ഹോസ്റ്റലിൽ തങ്ങാൻ അനുവദിക്കേണ്ടതില്ലെന്നും കമ്മിറ്റി തീരുമാനിച്ചു. ഇക്കഴിഞ്ഞ 30നാണ് ഒന്നാം വർഷ ക്ലാസുകൾ ആരംഭിച്ചത്. തിങ്കളാഴ്ചയാണ് റാഗിങ് നടന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe