ഡല്‍ഹി: ചെങ്കോട്ടയില്‍ സ്‌ഫോടനം നടന്ന കാര്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം. സ്‌ഫോടനം നടന്ന കാര്‍ ഡല്‍ഹിയില്‍ മണിക്കൂറുകള്‍ കറങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. ചെങ്കോട്ടയ്ക്ക് സമീപം കാര്‍ മൂന്ന് മണിക്കൂര്‍ നിര്‍ത്തിയിട്ടു. സുനേരി മസ്ജിദ്, ദരിയാഗഞ്ച് എന്നിവിടങ്ങളിലും കാര്‍ എത്തി. തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റാണ് കാറിലുണ്ടായിരുന്നവര്‍ ലക്ഷ്യമിട്ടതെന്നാണ് വിവരം.
ട്രാഫിക് സിഗ്നല്‍ കാരണം കാര്‍ നിര്‍ത്തേണ്ടി വന്നതോടെയാണ് മാര്‍ക്കറ്റിന് സമീപം കാര്‍ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. സ്‌ഫോടനം നടന്ന സ്ഥലത്തെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ കറുത്ത മാസ്‌ക് വെച്ചയാള്‍ ചെങ്കോട്ടയിലെ പാര്‍ക്ക് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്നത് കാണാം.ഹരിയാന രജിസ്‌ട്രേഷനിലുള്ള ഹ്യുണ്ടായി ഐ 20 കാറിലാണ് സ്‌ഫോടനം നടന്നത്. ദേവേന്ദ്ര എന്നയാള്‍ക്കായിരുന്നു ഹരിയാന സ്വദേശി ആദ്യം കാര്‍ വിറ്റത്. ഇത് പിന്നീട് പുല്‍വാമ സ്വദേശി താരിഖ് വാങ്ങി. ഇത് പിന്നീട് പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ കൈവശമെത്തിയതായി സൂചനയുണ്ട്. ഫരീദാബാദ് റെയ്ഡുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തേടുന്ന ആളാണ് ഉമര്‍ മുഹമ്മദ്. കാര്‍ ഓടിച്ചിരുന്നത് ഉമര്‍ മുഹമ്മദ് ആണെന്നുള്ള സംശയവും പൊലീസിനുണ്ട്. അങ്ങനെയെങ്കില്‍ സ്‌ഫോടനത്തില്‍ ഇയാള്‍ മരിച്ചിരിക്കാം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ കാറില്‍ നിന്ന് ലഭിച്ച മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് ലക്ഷ്യമിടുന്നുണ്ട്. കാറില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്.
ഇന്നലെ വൈകിട്ട് 6.52നായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം കാറില്‍ സ്‌ഫോടനം നടന്നത്. തൊട്ടുപിന്നാലെ മറ്റൊരു സ്‌ഫോടനം കൂടി നടന്നു. 6.55 ഫയര്‍ അലാം ഓണ്‍ ആകുകയും ഏഴ് മണിയോടെ പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. പിന്നാലെ ഏഴ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. 7.10 ഓടെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി. 7.15 ഓടെ ആദ്യ മരണം സ്ഥിരീകരിച്ചു. ഏഴരയോടെ തീ നിയന്ത്രണവിധേയമാക്കി. ഇന്നലെ എട്ട് പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരാള്‍ കൂടി മരിച്ചു. മുപ്പതോളം പേര്‍ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് യുഎപിഎ ചുമത്തി കേസ് എടുത്തിട്ടുണ്ട്.
